തിരുവില്വാമല: പറക്കോട്ടു താലപ്പൊലിയുടെ സുഗമമായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കും. പറക്കോട്ടു താലപ്പൊലിയോടനുബന്ധിച്ച് ചേർന്ന യോഗത്തിലാണ് തീരുമാനം. ശുദ്ധജലം ലഭ്യമാക്കുന്നതിനും ആബുലൻസ് സൗകര്യത്തോടുകൂടിയ മെഡിക്കൽ സേവന കേന്ദ്രം ക്ഷേത്ര പരിസരത്ത് സജ്ജീകരിക്കുന്നതിനും ഫയർ & റെസ്‌ക്യൂ സർവ്വീസ് സേവനം ഉറപ്പുവരുത്തുന്നതിനും നിർദ്ദേശിച്ചു. ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിന് എക്‌സെസ് സേവനം ഉറപ്പുവരുത്തും. വെടിക്കെട്ടുമായി ബന്ധപ്പെട്ട് പൊലീസ് നിർദേശിക്കുന്ന ദൂരപരിധി അനുസരിച്ച് ബാരിക്കേഡ് കെട്ടുന്നതിനും പൊലീസ് നിർദേശങ്ങൾ കർശനമായി പാലിക്കുന്നതിന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും തീരുമാനിച്ചു. റോഡ് ഷോ ഉൾപ്പെടെയുള്ള എഴുന്നെള്ളിപ്പുകൾ മുൻനിശ്ചയ പ്രകാരമുള്ള സമയക്രമം പാലിച്ച് ക്ഷേത്രത്തിലേക്കെത്തിക്കുന്നതിനും ഇതിനാവശ്യമായ വോളണ്ടീയർമാരെ സജ്ജമാക്കുന്നതിന് ദേശ കമ്മിറ്റിക്കാരെയും പൊലീസിനേയും ചുമതലപ്പെടുത്തി. ഉത്സവം രണ്ടു കോടി രൂപക്ക് ഇൻഷ്വർ ചെയ്തു. വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ, ജനപ്രതിനിധികൾ, ദേശകമ്മിറ്റികൾ, ക്ഷേത്ര ഉപദേശക സമിതി, കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശനൻ അധ്യക്ഷനായി. യോഗത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരായ എം.ബി മുരളീധരൻ, പ്രേമരാജ് ചൂണ്ടലാത്ത്, ദേവസ്വം കമ്മീഷണർ സി. അനിൽകുമാർ, സെക്രട്ടറി പി. ബിന്ദു, ഡപ്യൂട്ടി കമ്മീഷണർ സുനിൽകുമാർ, അസിസ്റ്റന്റ് കമ്മീഷണർ കെ.കെ. കല, പറക്കോട്ടുകാവ് ദേവസ്വം ഓഫീസർ സുമ, വില്വാദ്രി നാഥ ക്ഷേത്രം മാനേജർ മനോജ് കെ. നായർ, പഞ്ചായത്ത് പ്രസിഡന്റ് പത്മജ, വൈസ് പ്രസിഡന്റ ഉദയൻ എനനിവർ പങ്കെടുത്തു.