മാള: ദേശകാഴ്ച്ച സാംസ്‌കാരികോത്സവത്തിന് സമാപനമായി. മാള കഴിഞ്ഞ 21 ദിവസങ്ങളിലായി കുഴിക്കാട്ടുശ്ശേരി ഗ്രാമികയും ആളൂർ പഞ്ചായത്തും സംയുക്തമായി നടത്തി വന്ന ദേശക്കാഴ്ച കലാസാംസ്‌കാരികോത്സവത്തിന് കൊടിയിറങ്ങി. സമാപന സമ്മേളനം ടി.ജെ. സനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജൊ അദ്ധ്യക്ഷനായി. മുടിയേറ്റ് കലാകാരൻ വാരണാട്ട് ശങ്കര നാരായണക്കുറുപ്പ്, ശാസ്താംപാട്ട് കലാകാരൻ രാമചന്ദ്രൻ, പാക്കനാർ കലാകാരൻ സുബ്രഹ്മണ്യൻ മാമ്പ്ര എന്നിവരെ രമേഷ് കരിന്തലക്കൂട്ടം ആദരിച്ചു. മാള ബ്ലോക്ക് മുൻ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, അയ്യപ്പക്കുട്ടി ഉദിമയം, ആളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, പഞ്ചായത്ത് വാർഡംഗങ്ങളായ ധിപിൻ, പാപ്പച്ചൻ, ഷൈനി തിലകൻ, യു.കെ. പ്രഭാകരൻ, ടി.വി. ഷാജു, ഓമന ജോർജ്, സവിത ബിജു, ജിഷ ബാബു, മിനി പോളി, രേഖ സന്തോഷ്, ഗ്രാമിക സെക്രട്ടറി ഇ.കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു. നേരത്തെ മൂന്ന് കേന്ദ്രങ്ങളിൽ ആരംഭിച്ച നിന്നും തെയ്യം, തിറ, കരിങ്കാളി, പൂതൻ, വട്ടമുടി, കാളകളി, കുതിര കളി എന്നിവയുടെ ഘോഷയാത്ര ഗ്രാമികയിൽ സമാപിച്ചു. കരിന്തലക്കൂട്ടത്തിന്റെ നാടൻപാട്ടുകൾ, വീരപടത്തലവൻ ചവിട്ടു നാടകവും ഉണ്ടായിരുന്നു. ദേശക്കാഴ്ച കലാസാംസ്‌ക്കാരികോത്സവത്തോട് അനുബന്ധിച്ച് മോഹന ചലച്ചിത്രോത്സവം, വേനൽമഴ നാടക പരിശീലനക്കളരി, കൊടിയേറ്റം, പാഞ്ചാരി മേളം, നൃത്തോത്സവം, നാടകോത്സവം, പൈതൃകോത്സവം എന്നിവയും നടന്നു.