കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ചാന്താട്ടം മേടത്തിലെ കാർത്തിക നാളായ മേയ് ഒമ്പതിന് നടക്കും. തേക്കെണ്ണയിൽ കുങ്കുമപ്പൂ, ഗ്രാമ്പൂ, പച്ചക്കർപ്പൂരം, അഷ്ടഗന്ധം, ജാതിക്ക, ജാതിപത്രി എന്നീ സുഗന്ധ ദ്രവ്യങ്ങൾ ഒരു പ്രത്യേക അനുപാതത്തിൽ ചേർത്താണ് ഭഗവതി വിഗ്രഹത്തിൽ ആടുന്ന ചാന്ത് തയ്യാറാക്കുന്നത്. വ്യാഴാഴ്ച പന്തീരടി പൂജയ്ക്ക് ശേഷം രാവിലെ എട്ടിന് ചാന്ത് നമസ്‌കാര മണ്ഡപത്തിൽ കുന്നത്ത് പരമേശ്വരനുണ്ണി അടികളുടെ മുഖ്യകാർമ്മികത്വത്തിൽ പ്രത്യേക പൂജകൾ ചെയ്ത് ശംഖ് നാദത്തിന്റെയും കുത്തുവിളക്കിന്റെയും അകമ്പടിയോടെ ക്ഷേത്ര ശ്രീകോവിലിലേക്ക് എഴുന്നെള്ളിച്ച് ദാരുബിംബത്തിൽ ആടും. ചാന്താട്ടത്തിന് ശേഷം കർക്കടകം ഒന്നിന് മാത്രമേ തിരുവാഭരണങ്ങൾ ഭഗവതി വിഗ്രഹത്തിൽ ചാർത്തുകയുള്ളൂ.