che
പിടിയിലായ പ്രതികൾ

ചേർപ്പ്: കുടുംബവഴക്കിൽ ഇടപെട്ടതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ കോടന്നൂർ പെട്രോൾ പമ്പിന് സമീപം നടുറോഡിൽ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. വെങ്ങിണിശേരി ശിവപുരം കോളനിയിൽ കാരാട്ട് വീട്ടിൽ സുരേഷിന്റെ മകൻ മഹേഷാണ് (മനു, 27) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. രക്തംവാർന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

കോടന്നൂർ സ്വദേശികളായ കൊടപ്പുള്ളി വീട്ടിൽ മണികണ്ഠൻ (29), പ്രണവ് (25), മാരാത്ത് വീട്ടിൽ ആഷിക് (24) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് ശിവപുരം കോളനിയിലെ ഒരു കുടുംബത്തിലെ തർക്കം അറിഞ്ഞെത്തിയ അയൽവാസിയായ മഹേഷും മണികണ്ഠനടക്കമുള്ളവരുമായി സംഘർഷം നടന്നിരുന്നു. മഹേഷ് ഉൾപ്പെടെ ചിലർക്ക് പരിക്കേറ്റു. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മണികണ്ഠനടക്കമുള്ള ഗുണ്ടാസംഘം മടങ്ങിയത്. രണ്ട് കൊലപാതക കേസിലെ പ്രതിയും കാപ്പ ചുമത്തി നാടുകടത്തപ്പെട്ടയാളുമാണ് മണികണ്ഠൻ.

മഹേഷ് തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയശേഷം കോടന്നൂരുള്ള സുഹൃത്തിന് ബൈക്ക് തിരികെ നൽകാനായി വരുമ്പോഴാണ് തടഞ്ഞുനിറുത്തി ആക്രമിച്ചത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയശേഷം പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന്. ഫർണിച്ചർ നിർമ്മാണ തൊഴിലാളിയാണ് മഹേഷ്. മാതാവ്: ഓമന. സഹോദരങ്ങൾ: സന്തോഷ്, ശ്രീലക്ഷ്മി.