അരിമ്പൂർ: പോസ്റ്റൽ ഡിപ്പാർട്ടുമെന്റിന്റെ അനാസ്ഥയിൽ മാസങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട എ.ടി.എം കാർഡ് കണ്ടെത്തിയത് മറ്റൊരു വ്യക്തിയുടെ കൈയിൽ നിന്ന്. വിതരണം ചെയ്യാൻ കൊണ്ടുപോയ സ്പീഡ് പോസ്റ്റ് രജിസ്‌ട്രേഡ് ഉരുപ്പടി പോസ്റ്റ്മാൻ മറ്റൊരാളുടെ കൈവശം ഏൽപ്പിച്ച് ഒപ്പിട്ട് വാങ്ങിയതായി കണ്ടെത്തി. അരിമ്പൂർ പോസ്റ്റ് ഓഫീസിന് കീഴിലുള്ള എറവ് ബ്രാഞ്ച് പോസ്റ്റ് ഓഫീസിലാണ് സംഭവം. തപാൽ കൈപ്പറ്റിയെന്ന് പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിന്റെ വെബ്‌സൈറ്റിൽ ട്രാക്ക് ചെയ്തപ്പോൾ കണ്ടെത്തിയതിനെ തുടർന്ന് ഉടമയായ യുവതിയുടെ പിതാവ് പോസ്റ്റ് ഓഫീസിലെത്തി നടത്തിയ അന്വേഷണത്തിലാണ് വിവരം അറിയുന്നത്.
എറവ് ആറാംകല്ല് സ്വദേശി ചാലിശ്ശേരി കുറ്റൂക്കാരൻ ചാക്കോയുടെ മകൾ അലീന എ.ടി.എം കാർഡിനായി എസ്.ബി.ഐയുടെ അരിമ്പൂർ ശാഖയിൽ ഫെബ്രുവരി മാസത്തിൽ അപേക്ഷ നൽകിയിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും കാർഡ് കിട്ടാതായപ്പോൾ ബാങ്കിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പോസ്റ്റൽ ഡിപ്പാർട്‌മെന്റിന്റെ സൈറ്റിൽ ട്രാക്ക് ചെയ്തപ്പോൾ മാർച്ച് 20ന് മേൽവിലാസക്കാരന് വിതരണം ചെയ്തതായി കണ്ടെത്തി. പരിശോധനയിൽ മറ്റൊരു യുവാവ് ഒപ്പിട്ടു വാങ്ങിയെന്ന് കണ്ടെത്തി. പിന്നീട് എ.ടി.എം. കാർഡ് അടങ്ങിയ തപാൽ, പോസ്റ്റ് മാസ്റ്റർ ഇടപെട്ട് ചാക്കോയ്ക്ക് വാങ്ങി നൽകി. ഒരു സ്ത്രീ ആവശ്യപ്പെതിനെ തുടർന്നാണ് ഈ വിലാസത്തിലുള്ള ഉരുപ്പടി വാങ്ങിവച്ചതെന്നാണ് യുവാവിന്റെ വിശദീകരണം.

വിവാദങ്ങളിൽ മുങ്ങി
എറവ് പോസ്റ്റ് ഓഫീസ്


മാസങ്ങളായി കെടുകാര്യസ്ഥയുടെ പ്രതിരൂപമാണ് എറവ് പോസ്റ്റ് ഓഫീസെന്ന് നാട്ടുകാർ. പോസ്റ്റ് മാസ്റ്ററായി ഒരു വനിതയുണ്ടെങ്കിലും തപാൽ ഉരുപ്പടികൾ വിതരണം ചെയ്യുന്നത് ദിവസ വേതനക്കാരാണ്. 500 ൽ പരം തപാൽ ഉരുപ്പടികളാണ് പോസ്റ്റ് ഓഫീസിൽ കെട്ടിക്കിടക്കുന്നത്. ജോലി ചെയ്യേണ്ട പരിധി കൂടുതലും, പ്രദേശത്തെ ഭൂരിപക്ഷം ആളുകളുടെയും മേൽവിലാസം പോസ്റ്റ്മാന് അറിയാത്തതുമാണ് പ്രശ്‌നമെന്നാണ് ഇവരുടെ ന്യായം. മാസങ്ങൾക്ക് മുൻപ് പോസ്റ്റ് ഓഫീസിലെത്തിയ സൂപ്രണ്ട് 80 ഓളം പേരുടെ ഇലക്ഷൻ ഐ.ഡി കാർഡ് വിതരണം ചെയ്യാൻ സ്വകാര്യ വ്യക്തിയുടെ കൈവശം കൊടുത്തയച്ചതും വിവാദമായിരുന്നു.