മാള : ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ഹരിത ആയുർവേദ കടകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകുമെന്ന് തീരുമാനമായതോടെ ചെത്ത് മദ്യ വ്യവസായ സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ മാള റെയ്ഞ്ച് എക്‌സൈസ് ഓഫീസിലേക്ക് ഇന്ന് നടത്താനിരുന്ന മാർച്ചും ധർണയും വേണ്ടെന്നുവച്ചു. യൂണിയൻ നേതാക്കളും എക്‌സൈസ് അധികൃതരും നടത്തിയ ചർച്ചയിലാണ് തീരുമാനം. വിവിധ ചെത്ത് മദ്യ വ്യവസായ യൂണിയൻ ഭാരവാഹികളായ എ.വി. ഉണ്ണിക്കൃഷ്ണൻ, ടി.കെ. രാജൻ (എ.ഐ.ടി.യു.സി), പി.എൻ. ഷാനവാസ്, ദിലീപ് പരമേശ്വരൻ (ഐ.എൻ.ടി.യു.സി), ടി.ആർ. സുഖിൽ, ഗോപിദാസ്, എ.ആർ. സതീശൻ (ബി.എം.എസ്), സി.ആർ. പുരുഷോത്തമൻ, ശ്യാബൻ (സി.ഐ.ടി.യു) എന്നിവരും ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഷാനവാസും ഇരിങ്ങാലക്കുട സർക്കിൾ റേഞ്ച് ഇൻസ്‌പെക്ടർ രാമപ്രസാദും മാള എക്‌സൈസ് റേഞ്ച് ഓഫീസിൽ നടത്തിയ ചർച്ചയിലാണ് ഒത്ത് തീർപ്പായത്.