koal

തൃശൂർ: കൊടുംചൂടും അസാധാരണമായ കീടബാധയും തൃശൂരിന്റെ നെല്ലറയായ കോൾമേഖലയെ ബാധിച്ചത് ആഴത്തിൽ പഠിച്ച് കാർഷിക സർവകലാശാലയിലെയും കൃഷിവകുപ്പിലെയും വിദഗ്ദ്ധർ ഉടൻ റിപ്പോർട്ട് സമർപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനകൾ അടങ്ങുന്ന വിശദമായ പഠനറിപ്പോർട്ട് അടുത്തയാഴ്ച കൃഷിവകുപ്പിന് സമർപ്പിച്ച ശേഷമാകും നഷ്ടപരിഹാരം അടക്കമുള്ള തുടർനടപടികളുണ്ടാകുക. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചാൽ, കൃഷിമന്ത്രി കോൾപ്രദേശങ്ങളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും. അതേസമയം, പലയിടങ്ങളിലും വൈക്കോൽ വാങ്ങാൻ പോലും ആളില്ലാത്തതിനാൽ കർഷകർ സാമ്പത്തിക പ്രതിസന്ധിയിലാണ്.

പുന്നയൂർക്കുളം ഭാഗത്തെ കോൾപ്പാടത്ത് വൈക്കോൽ കെട്ടിക്കിടക്കുകയാണ്. വൈക്കോലിന് ആവശ്യക്കാരില്ല. യന്ത്രം ഉപയോഗിച്ച് കെട്ടുന്നതിനാൽ വൈക്കോൽ പെട്ടെന്ന് ചില കർഷകർക്ക് കയറ്റി അയയ്ക്കാനായില്ല. ആദ്യം കൊയ്ത പാടശേഖരങ്ങളിലെ കർഷകർക്ക് ശരാശരി വില കിട്ടിയപ്പോൾ പിന്നീട് ആവശ്യക്കാരില്ലാതായി. വടക്കൻ ജില്ലകളിലെ മലയോരങ്ങളിൽ ഇഞ്ചിക്കൃഷിക്ക് പുതയിടാനാണ് വൈക്കോൽ കൊണ്ടുപോയത്.

വൈക്കോൽ വില കഴിഞ്ഞ വർഷം: കെട്ടിന് 110-130 രൂപ
ഒരേ ഏക്കറിൽ നിന്ന് കിട്ടുന്നത്: 2,300 രൂപ
ഈ വർഷം: കെട്ടിന് 60 രൂപ
ഒരേക്കറിൽ കിട്ടിയത്: 800 രൂപ
വൈക്കോൽ കെട്ടാൻ (ഒരു കെട്ടിന്): 30 രൂപ

തകർന്ന് ക്ഷീരമേഖല

കന്നുകാലി വളർത്തലിൽ നിന്ന് ജനങ്ങൾ പിന്മാറിയതാണ് വൈക്കോലിന് ആവശ്യക്കാർ കുറയാൻ കാരണമെന്ന് കർഷകർ പറയുന്നു. പ്രാദേശിക കന്നുകാലി ഫാമുകൾ അടച്ചു. ചെറുകിട ക്ഷീര കർഷകർക്ക് നഷ്ടം സംഭവിച്ചതോടെ തൊഴിൽ നിറുത്തി. കൊടുംചൂടിൽ പാൽ കുറഞ്ഞതോടെ പശുക്കളെ വിറ്റ കർഷകരുമേറെ. മറ്റ് പുല്ലുകൾ വളർത്തി പശുക്കൾക്ക് തീറ്റ കൊടുക്കുന്നവരുമുണ്ട്. വൈക്കോലിന് പകരം കാലിത്തീറ്റകൾ ധാരാളം കൊടുക്കുന്ന പ്രവണതയുമുണ്ട്.

വിളവ് അഞ്ചിലൊന്ന്

ഭൂരിഭാഗം കോളുകളിലും വിളവ് അഞ്ചിലൊന്നായി കുറഞ്ഞതായാണ് കർഷകർ പറയുന്നത്. മൂന്ന് ടൺ വരെ കിട്ടിയിരുന്ന പാടങ്ങളിൽ നിന്ന് 600 കിലോഗ്രാം നെല്ലു മാത്രം കിട്ടിയ കർഷകരുണ്ട്. ഈയിടെയായി തണ്ടുതുരപ്പൻ, പോളകരിച്ചിൽ, ബ്ലാസ്റ്റ് രോഗം എന്നിവ നെല്ലിനെ കൂടുതലായി വ്യാപിച്ചതായി കാർഷിക സർവകലാശാലയിൽ നിന്നെത്തിയ വിദഗ്ദ്ധർ കണ്ടെത്തിയിരുന്നു.


കോളിലും മുണ്ടകൻ കൃഷിയിടങ്ങളിലും അടക്കം കീടാണുബാധയടക്കമുള്ള പ്രശ്‌നങ്ങളുണ്ട്. ചൂട് കൂടിയത് കൊണ്ടാണോ ഇത് സംഭവിച്ചതെന്ന് പരിശോധിക്കുന്നുണ്ട്.

ഉഷ മേരി ഡാനിയേൽ
പ്രിൻസിപ്പൽ കൃഷി ഓഫീസർ