തൃശൂർ: പീച്ചി ഡാമിൽ നിന്നും കുടിവെള്ള ആവശ്യത്തിനായി ഇന്ന് മുതൽ വെള്ളം തുറക്കുമെന്ന് കളക്ടർ വി.ആർ.കൃഷ്ണതേജ അറിയിച്ചു. അഞ്ച് മുതൽ ഒരാഴ്ചത്തേക്ക് ഇടതുകര കനാലിലൂടെയും ഏഴ് മുതൽ ഒമ്പത് ദിവസം വലതുകര കനാലിലൂടെയും തുടർന്ന് അഞ്ച് ദിവസം പുഴയിലൂടെയുമാണ് വെള്ളം വിടുക. ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും കനാലിൽ ഇറങ്ങാനും കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും കന്നുകാലികളെ കുളിപ്പിക്കാനും നിയന്ത്രണമുണ്ടാകും. പാടശേഖരങ്ങളിൽ വെള്ളം കയറാൻ സാദ്ധ്യതയുണ്ടെങ്കിൽ മുൻകരുതലെടുക്കാനും കർഷകർക്ക് മുന്നറിയിപ്പ് നൽകാനും പരിശോധിക്കാനും സഹായം ലഭ്യമാക്കാനും കൃഷി ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ഡാമിൽ അവശേഷിക്കുന്ന ജലത്തിന്റെ അളവ് 12.03 എം.എം ക്യൂബ് ആണ്. കുടിവെള്ള വിതരണത്തിനുള്ള കരുതൽ ശേഖരം നിലനിറുത്തും.