വടക്കാഞ്ചേരി: അകമലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. ഒരു മാസത്തിനിടെ നാലാം തവണയാണ് ഈ പ്രദേശത്ത് കാട്ടാനകളിറങ്ങുന്നത്. കമ്പി വേലികളടക്കം ചവിട്ടി മറിച്ചിട്ടാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ എത്തുന്നത്. ഊത്രാളിക്കാവിന്റെ പുറകുവശത്തുള്ള കുഴിയോട്, ചാക്യാർക്കുന്ന്, ചേപ്പിലക്കോട് എന്നീ പ്രദേശങ്ങളിലുള്ള പറമ്പുകളിലാണ് ആനകൾ പ്രവേശിച്ചിട്ടുള്ളത്. ഇവിടുത്തെ വാഴ, ചക്ക, മാങ്ങ, പച്ചക്കറികൾ എന്നിവ ഭക്ഷിച്ചു.
വനപ്രദേശത്തുള്ള വാച്ചർമാർ പടക്കം പൊട്ടിച്ചാണ് കാട്ടാനകളെ തുരത്തിയത്. വാഴാനി പ്രദേശത്തെ ഉൾക്കാടുകളിൽ കൂടിയാണ് കാട്ടാനകൾ നാട്ടിലെത്തുന്നത്. കാടിനുള്ളിൽ ഭക്ഷണവും വെള്ളവുമില്ലാത്തതുമൂലമാണ് ആനകൾ കൂട്ടത്തോടെ നാടിറങ്ങുന്നതെന്ന് വനപാലകർ പറഞ്ഞു. തുടർച്ചയായി ആനയിറങ്ങുന്നതുമൂലം ഈ പ്രദേശത്ത് താമസിക്കുന്നവർ ഏറെ ഭീതിയിലാണ്. ആനയിറങ്ങിയ അകമല പ്രദേശങ്ങളിൽ സേവ്യർ ചിറ്റിലപ്പിളളി .എം.എൽ.എ, നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ , പോലീസ്, വനം വകുപ്പ് ഉദ്യേഗസ്ഥർ എന്നിവർ സന്ദർശിച്ചു.