കുന്നംകുളം: കലാമണ്ഡലം ഗോപിയെ കുന്നംകുളം പൗരാവലിയും കുന്നംകുളം കഥകളി ക്ലബും ചേർന്ന് ആദരിച്ചു. ഒരു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളോടെയാണ് ഗോപീ വന്ദനമെന്ന പേരിൽ ആദരണീയം സംഘടിപ്പിച്ചത്. ഗോപീ വന്ദനത്തിന്റെ ഉദ്ഘാടനം കുന്നംകുളം ബഥനി സ്‌കൂൾ ഓഡിറ്റോറിയത്തിൽ അടൂർ ഗോപാല കൃഷ്ണൻ നിർവഹിച്ചു. വി.കെ. ശ്രീരാമൻ അധ്യക്ഷനായി. കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ എം.വി. നാരായണൻ, കെ.സി. നാരായണൻ, കെ.ബി. രാജ് ആനന്ദ്, ഫാ.യാക്കൂബ്, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, പി. ജി. ജയപ്രകാശ് എന്നിവർ സംസാരിച്ചു. തുടർന്ന് കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, കെ.ബി. രാജ് ആനന്ദ്, പീശപ്പിള്ളി രാജീവൻ എന്നിവർ ചേർന്നവതരിപ്പിക്കുന്ന സോദാഹരണ പ്രഭാഷണം 'കലാമണ്ഡലം ഗോപിയുടെ രംഗഭാഷ' അരങ്ങേറി. വൈകീട്ട് നടന്ന ആദരണീയ സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. കഥകളിക്ക് പുറമേ കേരളത്തിന്റെ കാലാ ലോകത്ത് ഏറ്റവും തലപ്പൊക്കമുള്ള ആചാര്യനാണ് ഗോപി ആശാനെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. എ.സി. മൊയ്തീൻ എം.എൽ.എ അധ്യക്ഷനായി. ഡോ.എം.വി. നാരായണൻ, എസ്.സി.എസ്.ടി സംസ്ഥാന കമ്മീഷനംഗം ടി.കെ. വാസു, വി.കെ. ശ്രീരാമൻ, നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, ടി.കെ. അച്ച്യുതൻ, കാണിപ്പയ്യൂർ കുട്ടൻ നമ്പൂതിരിപ്പാട് എന്നിവർ സംസാരിച്ചു. തുടർന്ന് കലാമണ്ഡലം ഗോപി രചിച്ച പൂതനമോക്ഷം എന്ന കവിതയുടെ നിർത്താവിഷ്‌കാരം മോഹിനിയാട്ടവും ശേഷം സുഭദ്രാഹരണം മാലയിടൽ കഥകളിയും അരങ്ങേറി.