road
ദേശീയ പാതയിൽ പോട്ട കവലയിൽ സർവീസ് റോഡിലേയ്ക്കുള്ള പ്രവേശനം തടഞ്ഞപ്പോൾ

ചാലക്കുടി: പോട്ട കവലയിൽ ദേശീയ പാതയിൽ നിന്നും സർവീസ് റോഡിലേയ്ക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സ്പീഡ് ബ്രേക്കറുകൾ വച്ച് വാഹനങ്ങൾ പ്രവേശിക്കുന്നത് തടഞ്ഞത്. വീതി കുറഞ്ഞ ഈ സർവീസ് റോഡിൽ അപകടങ്ങൾ പരമാവധി കുറയ്ക്കാനാകുമെന്നാണ് പൊലീസ് പറയുന്നത്. പോട്ടയിൽ ജംഗ്ഷനിൽ നിന്നും ചാലക്കുടിയിലേയ്ക്ക് വരുന്ന വാഹനങ്ങൾ മാത്രമാണ് ഇനി മുതൽ സർവീസ് റോഡിലൂടെ സഞ്ചരിക്കുക. വീതി കുറഞ്ഞ റോഡിൽ കാലങ്ങളായി രണ്ടുവരി ഗതാഗതം നടക്കുന്നത് മൂലം നിരവധി അപകടങ്ങളും മരണങ്ങളും സംഭവിച്ചിരുന്നു. ഇതേ തുടർന്നാണ് ദേശീയ പാത അധികൃതർ ഇടപെട്ട് റോഡ് വീതികൂട്ടൽ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ പെട്ടന്നുണ്ടായ നീക്കം നഗരസഭയ്ക്ക് തിരിച്ചടിയായി. ചാലക്കുടിയിൽ നിന്നും ഇരിങ്ങാലക്കുടയിലേക്കുള്ള സ്വകാര്യ ബസുകൾ സർവീസ് റോഡിലൂടെ പ്രവേശിക്കാതെ സിഗ്‌നൽ ജംഗ്ഷൻ കടന്നുപോകുന്നത് ഇതിനകം നഗരസഭയ്ക്ക് തലവേദനയായി മാറുകയും ചെയ്തു.
രണ്ടുവരി ഗതാഗതം തുടരണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടെങ്കിലും ബസുടമകൾ അത് നിരാകരിച്ചു. അപകടങ്ങൾക്ക് സാധ്യയുണ്ടെന്ന കാരണമാണ് അവർ ചൂണ്ടിക്കാട്ടുന്നത്.


എന്നും കൂടും വീതി

മാസങ്ങൾക്ക് മുൻപ് തുടങ്ങിയ റോഡ് വീതികൂട്ടൽ നടപടി ഇനിയും പൂർത്തിയായിട്ടില്ല. പോട്ട കവല സർവീസ് റോഡ് വികസനത്തിന് തടസമായ മരങ്ങൾ മുറിച്ചുമാറ്റിയെങ്കിലും തുടർന്നുള്ള നടപടികൾ തീർക്കാൻ ദിവസങ്ങൾ വേണ്ടിവരും.
വീതി 11 മീറ്ററാക്കുകയും സർവീസ് റോഡിലൂടെ രണ്ടുവരി ഗതാഗതം നടത്താനുമാണ് തീരുമാനം. ഗുരുതരമായ ചട്ടലംഘിച്ചാണ് പോട്ടകവല റോഡിൽ വാഹന ഗാതാഗതം നടത്തിയിരുന്നത്. ഈ റോഡിൽ അപകടങ്ങൾ പതിവായിരുന്നു.