kanna

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപാസിൽ കാന നിർമ്മാണത്തിൽ അപാകതയെന്ന് ആരോപിച്ച് എലിവേറ്റഡ് ഹൈവേ കർമ്മ സമിതി നിർമ്മാണം തടഞ്ഞു. കൊടങ്ങല്ലൂർ സി.ഐ ഓഫീസ് സിഗ്‌നലിന്റെ തെക്കുവശത്തെ വലിയ കാനയാണ് പൊളിച്ചുനീക്കി പകരം ചെറിയ ബോക്‌സ് രൂപത്തിലുള്ള കാന നിർമ്മിച്ചിരുന്നത്. വലിയ ബോർഡ് വച്ച് മറിച്ചായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി നിർമ്മാണം നടന്നത്.

വർഷകാലത്ത് പടിഞ്ഞാറ് നിന്നും ഒഴുകിയെത്തിയിരുന്ന മഴവെള്ളം നേരത്തെ ഉണ്ടായിരുന്ന വലിയ കാനയിലൂടെയാണ് ശൃംഗപുരം തോട്ടിലേക്ക് ഒഴുകിയിരുന്നത്. വലിയ കാന പൊളിച്ചുനീക്കി ചെറിയ കാന നിർമ്മിക്കുന്നതിലാണ് എലിയറ്റേഡ് ഹൈവേ കർമ്മ സമിതിയുടെ പ്രതിഷേധം. അതിലൂടെ വെള്ളം പോകാൻ പ്രയാസമായിരിക്കുമെന്നാണ് വാദം.

ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. സമരം ചെയ്തുവരുന്ന കർമ്മ സമിതിയിലെ ചിലരാണ് ചെറിയ കാന നിർമ്മിക്കുന്നത് കണ്ടത്. ബൈപാസിലെ കാനനിർമ്മാണം തടഞ്ഞുവെന്ന വിവരം അറിഞ്ഞതിനെത്തുടർന്ന് നഗരസഭ ചെയർപേഴ്‌സൺ ടി.കെ. ഗീതയും സ്ഥലത്തെത്തി. കരാർ ജീവനക്കാരെ വിളിച്ചുവരുത്തി കൂടിയാലോചന നടത്തിയതിനെ തുടർന്ന് പിന്നീട് പണിനിറുത്തിവച്ചു.