തൃശൂർ : നാട് വരണ്ടുണങ്ങി, സംസ്ഥാനം പച്ചക്കറി ഉത്പാദനത്തിൽ ഇടിവ് രേഖപ്പെടുത്തുമ്പോഴും വിയ്യൂർ ജയിൽ വളപ്പിൽ മൂന്ന് മാസത്തിൽ വിളവെടുത്തത് അഞ്ച് ടൺ പച്ചക്കറി. അതികഠിനമായ ചൂട് അനുഭവപ്പെട്ട ഏപ്രിലിൽ, തടവുപുള്ളികളെ ജോലിക്ക് ഇറക്കുന്നതിന് നിയന്ത്രണം വന്നത് മൂലം കൃത്യമായ പരിചരണമില്ലാതെ നേരിയകുറവ് വന്നപ്പോഴും ഒരു ടൺ പച്ചക്കറി ഉത്പാദിപ്പിക്കാനായി. ജയിലിലേക്ക് ആവശ്യമായ മുഴുവൻ പച്ചക്കറിയും ഉത്പാദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാലേക്കറിലെ നിലവിലെ കൃഷി. വരുമാന വർദ്ധനവ് കൂടി ലക്ഷ്യമിട്ട് മൂന്ന് ഏക്കറിലേക്ക് കൂടി കൃഷി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ രണ്ട് ടൺ വീതമായിരുന്നു വിളവെടുപ്പ്. കൃഷിക്കായി ജയിൽ വളപ്പിലെ ജലസ്രോതസുകൾ ഉപയോഗപ്പെടുത്തുന്നു. കൃഷിയിൽ തത്പരരായ തടവുപുള്ളികളെയാണ് നിയോഗിച്ചിട്ടുള്ളത്. ആയിരത്തിലേറെ വരുന്ന അന്തേവാസികൾക്ക് ആഴ്ച്ചയിൽ മൂന്ന് ദിവസം പച്ചക്കറിയും മറ്റ് ദിവസങ്ങളിൽ മത്സ്യ-മാംസാദികളുമാണ് നൽകുന്നത്. പടവലം, പയർ, പച്ചമുളക്, ചീര, കായ, വെണ്ട, മരച്ചീനി, കയ്പക്ക, നേന്ത്രക്കായ, ചെറുകായ, തക്കാളി, വെള്ളരി, മത്തൻ എന്നിവയാണ് പ്രധാനമായും ഉത്പാദിപ്പിച്ചത്. ജയിൽ, പൊലീസ് അക്കാഡമി എന്നിവ സ്ഥിതി ചെയ്യുന്ന 350 ഏക്കറിലധികം വരുന്ന സ്ഥലത്ത് കൃഷിക്ക് ഏറെ ഭീഷണിയായ കാട്ടുപ്പന്നികളുടെ ശല്യവുമുണ്ട്.
പത്ത് ലക്ഷം വരുമാനം ലക്ഷ്യം
നിലവിൽ കൃഷി ചെയ്യുന്ന സ്ഥലത്തിന് പുറമേ ജയിൽ വകുപ്പ് ആരംഭിച്ച പെട്രോൾ പമ്പിനോട് ചേർന്നുള്ള മൂന്ന് ഏക്കർ സ്ഥലത്ത് കൂടി കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഇതിന്റെ ഭാഗമായി കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ നിന്നും 500 വാഴ തൈകൾ എത്തിച്ചുകഴിഞ്ഞു. പുറമേ മറ്റ് എല്ലാ പച്ചക്കറികളും ഉത്പാദിപ്പിക്കും. പച്ചക്കറി ഉൾപ്പെടെ വിറ്റ് വർഷം പത്ത് ലക്ഷം വരുമാനമാണ് ലക്ഷ്യമിടുന്നത്. ഇതുകൂടാതെ നാലോ അഞ്ചോ വർഷം കൊണ്ട് കായ്ക്കുന്ന നൂറുക്കണക്കിന് പ്ലാവിൻതൈകളും വളപ്പിൽ വളർന്നുവരുന്നത്. കൂടാതെ അൽഫോൻസ, കിളിച്ചുണ്ടൻ, സിന്ദൂരം, ബംഗനപ്പിള്ളി തുടങ്ങി വിവിധ ഇനങ്ങളിലുള്ള 200 ഓളം മാവിൻ തൈകളുമുണ്ട്
പുരസ്‌കാരം
2021-22 വർഷത്തെ സംസ്ഥാന കർഷക പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച പച്ചക്കറി കൃഷി നടത്തുന്ന പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്‌കാരം വിയ്യൂർ ജയിലിന് ലഭിച്ചിരുന്നു
ജയിൽ വളപ്പിലെ വെറുതെ കിടക്കുന്ന സ്ഥലങ്ങൾ കൃഷിയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ കൃഷിത്തോട്ടമൊരുക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പത്ത് ലക്ഷം രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു.
അജയകുമാർ
ജയിൽ ഡി.ഐ.ജി.