പറപ്പൂക്കര: ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ വിശേഷാൽ പൂജകൾ നടക്കും. വൈകീട്ട് 6.30ന് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് അംഗം പ്രേംരാജ് ചുണ്ടാലത്ത് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് കെ.കെ. അരുൺ അദ്ധ്യക്ഷത വഹിക്കും. മേളകലാകാരൻ പെരുവനം കുട്ടൻ മാരാർ, ഗാനരചയിതാവ്, ബി.കെ.ഹരിനാരായണൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സെക്രട്ടറി എം.കെ. നാരായണൻ, കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ കെ.സുനിൽ കർത്ത, ആഘോഷ കമ്മിറ്റി പ്രസിഡന്റ് വി.കെ. സുമേഷ്, പ്രോഗ്രം കമ്മിറ്റി ചെയർമാൻ പി.എൻ. ജയകൃഷ്ണൻ, വിവിധ സെറ്റുകളുടെ പ്രതിനിധികളായ എൻ.എം.പുഷ്പാകരൻ, എം.ഗോപിനാഥ്, ബാബു അമ്പാട്ട്, എം.ആർ.കിരൺ രാജ്, ശ്രീകാന്ത് കുറുമങ്ങാട്ട്, ഇ.എസ്.സുധീൽ, എന്നിവർ പ്രസംഗിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ നടക്കും.13 ന് ഷഷ്ഠി. ഷഷ്ഠി ദിവസം വരെ പ്രത്യേക ക്ഷേത്ര ചടങ്ങുകളും രാത്രി കലാപരിപാടികളും നടക്കും. ഷഷ്ഠി ദിവസം രാവിലെ 5 ന് നടതുറപ്പോടെ ചടങ്ങുകൾ ആരംഭിക്കും. 7 ന് ഭാഗവത പാരായണം, 8 ന് ചതു:ശത പ്രസാദ വിതരണം, 8.30 ന് ഭക്തിഗാനമേള, ഉച്ചക്ക് ഒന്നു മുതൽ വിവിധ ദേശക്കാരുടെ കാവടി എഴുന്നള്ളിപ്പും അഭിഷേകവും വൈകീട്ട് 5ന് നാദസ്വര കച്ചേരി, 6.30ന് ഭക്തിപ്രഭാഷണം. 8.30 ന് ബാലൈ, രാത്രി 1.15 മുതൽ ദേശക്കാരുടെ കാവടി എഴുന്നള്ളിപ്പും അഭിഷേകവും എന്നിവയാണ് പരിപാടികൾ.
മതമൈത്രി വിളംബരമായി കവാടങ്ങൾ
മതമൈത്രി വിളംബരമായി പറപ്പൂക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടിമഹോത്സവത്തിന്റെയും പറപ്പൂക്കര സെന്റ് ജോൺസ് ഫെറോന പള്ളിയിലെ ലോന മുത്തപ്പന്റെ തിരുനാളിന്റെയും കവാടങ്ങൾ. ക്ഷേത്ര ഭരണ സമിതിയും പള്ളി അധികൃതരും സംയുക്തമായി ദേശീയപാത നന്തിക്കര ജംഗ്ഷനിലും തൃശൂർ ഇരിങ്ങാലക്കുട റൂട്ടിൽ മാപ്രാണത്തും ഉയർത്തിയ കമാനങ്ങളാണ് ശ്രദ്ധ നേടുന്നത്.
കമാനത്തിന്റെ പകുതി ക്ഷേത്രത്തിനും പകുതി പള്ളിക്കുമായിട്ടാണ് ഒരുക്കിയത്. ഒരു കമാനത്തിൽ ക്ഷേത്ര ഉത്സവത്തിന്റെയും പള്ളി തിരുന്നാളിന്റെയും വിശേഷങ്ങൾ കാണുമ്പോൾ യാത്രക്കാർക്കും കൗതുകമാകുന്നുണ്ട്.