വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിലെ കാന്റീനിലെത്തിയാൽ നാൽപത് രൂപയ്ക്ക് വയറു നിറയെ ഭക്ഷണം കഴിച്ച് മടങ്ങാം. സാമ്പാർ, ഉപ്പേരി, പപ്പടം, അച്ചാർ ഉൾപ്പെടെയുള്ള വിഭങ്ങളാണ് ഊണിനായി ഒരുക്കുന്നത്.വടക്കാഞ്ചേരി നഗരസഭയിലെ അമൃത കുടുംബശ്രീയിലെ നാലു പേർ ചേർന്നാണ് പരീക്ഷണാടിസ്ഥാനത്തിൽ കാന്റീൻ ആരംഭിച്ചത്. കുറഞ്ഞ വിലയിൽ സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ നിരവധിപേരാണ് എത്തുന്നത്. കാന്റീനിൽ തിരക്ക് കൂടുന്നതോടെ വിപുലമായ രീതിയിൽ താഴത്തെ നിലയിൽ കാന്റീൻ മാറ്റി സ്ഥാപിക്കുമെന്ന് നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ പറഞ്ഞു. വെജിറ്റേറിയൻ ഭക്ഷണത്തിന് പുറമേ ബിരിയാണിയും മത്സ്യ മാംസങ്ങളും അടങ്ങുന്ന ഭക്ഷണവും കാന്റീനിൽ ലഭിക്കും. ഇവയ്ക്ക് വേറെ പണം നൽകണം. ഉച്ചയൂണിന് പുറമേ നല്ല നാടൻ ദോശയും മസാല ചായയും ലഭ്യമാണ്.