തൃശൂർ: റോഡപകടങ്ങളിൽപ്പെടുന്നവർക്കു സൗജന്യ ആംബുലൻസ് സഹായമേകി കാൽനൂറ്റാണ്ടിലേക്കു കടക്കുന്ന ആക്ട്‌സിന് അപൂർവ റെക്കോഡ്. 24-ാം സ്ഥാപക ദിനാഘോഷത്തിൽ ദേശീയ ടാലന്റ് റെക്കോഡ് ബുക്കിലാണ് ആക്ട്‌സ് ഇടംപടിച്ചത്. തെക്കേഗോപുര നടയിൽ നടന്ന ചടങ്ങിൽ ഗിന്നസ് ലോക റെക്കോഡ് ജേതാവ് സത്താർ ആദൂർ സർട്ടിഫിക്കറ്റ് കൈമാറി. ഇന്ത്യയിലെ 806 ജില്ലകളിൽ തൃശൂരിൽ മാത്രമാണ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ ഇത്ര വിപുലമായ തോതിൽ സൗജന്യ ആംബുലൻസ് സൗകര്യമുള്ളത്. സ്ഥാപക ദിനാഘോഷം ഇന്നലെ വൈകിട്ട് അഞ്ചിനു തൃശൂർ തെക്കേഗോപുര നടയിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എം. മനോജ് ഉദ്ഘാടനം ചെയ്തു. മേയർ എം.കെ. വർഗീസ്, ആർച്ച്ബിഷപ് എമിരറ്റസ് മാർ ജേക്കബ് തൂങ്കുഴി, മുഹമ്മദ് ഫൈസി ഓണമ്പിള്ളി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു. സമ്മേളനത്തിനു മുന്നോടിയായി നഗരത്തിൽ നടന്ന പ്രകടനം തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ എസി.പി. സുദർശൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ആക്ട്‌സിന്റെ എല്ലാ ബ്രാഞ്ചുകളിലെയും പ്രവർത്തകർ അണിനിന്ന പ്രകടനം സ്വരാജ് റൗണ്ട് ചുറ്റി സമ്മേളന വേദിയായ തെക്കേ ഗോപുരനടയിൽ സമാപിച്ചു.