foto

പീച്ചി (തൃശൂർ): പീച്ചി ഡാമിന്റെ ജലസംഭരണിയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. എറണാകുളം മഹാരാജാസ് കോളേജ് എം.എസ്.സി ബോട്ടണി വിദ്യാർത്ഥിയും എസ്.എഫ്.ഐ കോളേജ് യൂണിറ്റ് സെക്രട്ടറിയുമായ മലപ്പുറം താനൂർ ചീരംകുളങ്ങര മുഹമ്മദ് യഹിയാബിൻ ഷറഫിയാണ് (25) മുങ്ങിമരിച്ചത്. പീച്ചി വനഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു.

ബുധനാഴ്ച വൈകിട്ടാണ് പീച്ചി ജലസേചന വകുപ്പ് ക്വാർട്ടേഴ്‌സിന് സമീപം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് രണ്ട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയത്. യഹിയ മുങ്ങിയ ഉടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫയർഫോഴ്സടക്കം രാത്രി 12 മണിവരെ തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ഇന്നലെ രാവിലെ വീണ്ടും നടത്തിയ തെരച്ചിലിൽ ഒൻപതരയോടെ മൃതദേഹം കണ്ടെത്തി.

കബറടക്കം വെള്ളിയാമ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തി. പിതാവ്: മുഹമ്മദ് ഷാഫി. മാതാവ്: മേലേപ്പാത്ത് അസിയ. സഹോദരങ്ങൾ: ഹസ്‌നത്ത്, സൽമാനുൽ ഫാരിസ്, ഉവൈസുൽ ഖർണി.