തൃശൂർ: ക്രിസ്റ്റൽ രൂപത്തിലുള്ള മാരകശേഷിയുള്ള രാസലഹരിയായ മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റമിന്റെ (എം.ഡി.എം.എ.) പേരിൽ മറ്റൊരു വകഭേദമായ യെല്ലോ മെത്താംഫെറ്റമിനും വ്യാപകം. അര ഗ്രാമിന് 2,000 രൂപയ്ക്ക് എം.ഡി.എം.എയാണെന്ന് പറഞ്ഞ് വിൽക്കുന്ന ഇവ, ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച് പരിശോധിച്ചാൽ വകഭേദമായ മെത്താംഫെറ്റമിൻ എന്നാകും ഫലം ലഭിക്കുക. എം.ഡി.എം.എയ്ക്ക് 3000-4000 രൂപയാണ്.
നേരിയ മഞ്ഞനിറമുണ്ടെങ്കിലും എം.ഡി.എം.എയാണെന്ന് പറഞ്ഞാണ് മയക്കുമരുന്ന് സംഘങ്ങൾ ഇത് വിൽക്കുന്നത്. മെത്താംഫെറ്റമിൻ എം.ഡി.എം.എയേക്കാൾ വീര്യം കുറഞ്ഞതാണ്. അതിനാൽ പിടിച്ചെടുത്താൽ മെത്താംഫെറ്റമിൻ എന്ന പേരിലാണ് കേസെടുക്കുന്നത്.
അതുകൊണ്ട് ശിക്ഷയും കുറയും. എം.ഡി.എം.എയുമായി പിടിയിലാൽ പത്ത് ഗ്രാമിലേറെയുണ്ടെങ്കിൽ ഇരുപത് വർഷം വരെ തടവ് ലഭിക്കാം. എന്നാൽ മെത്താംഫെറ്റമിൻ നൂറ് ഗ്രാമിലേറെയുണ്ടെങ്കിൽ പോലും പരമാവധി പത്ത് വർഷം മാത്രമാകും തടവ്. ഡൽഹി, ബംഗ്‌ളുരു എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവരുന്ന രാസലഹരികൾക്ക് പതിന്മടങ്ങ് വില കേരളത്തിൽ ലഭിക്കുന്നുണ്ടെന്നാണ് വിവരം. അതുകൊണ്ട് യുവാക്കൾ പണവും ലഹരിയും തേടിപ്പോകുന്നത് കൂടുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
ഫലം വരാൻ താമസം
കെമിക്കൽ ലാബിൽ പരിശോധിച്ചാൽ മാത്രമേ എം.ഡി.എം.എയെന്ന് ഉറപ്പിക്കാനാകൂ. അതിന് ഫലം വരാൻ രണ്ടുമാസം വരെ കാക്കണം. ഹെറോയിൻ, കൊക്കെയ്ൻ തുടങ്ങിയ രാസലഹരികളും കഞ്ചാവ്, ഹഷീഷ് ഓയിൽ എന്നിവയും കിറ്റ് ഉപയോഗിച്ച് മനസിലാക്കാനാകും. എന്നാൽ സംസ്ഥാനത്ത് വ്യാപകമായ 'എം' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എം.ഡി.എം.എ കിറ്റിൽ കണ്ടെത്താനാവുന്നില്ലെന്നാണ് പറയുന്നത്. വല്ലച്ചിറയിൽ യെല്ലോ മെത്താംഫെറ്റമിനുമായി രണ്ടുപേരെ എക്‌സൈസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇവരിൽ നിന്ന് അഞ്ച് ഗ്രാം യെല്ലോ മെത്താഫെറ്റമിൻ കണ്ടെടുത്തിരുന്നു.
കബളിപ്പിക്കുന്നത് ഇടനിലക്കാർ
എം.ഡി.എം.എ എന്നു പറഞ്ഞ് മൊത്തവിപണനക്കാരോ, ഇടനിലക്കാരോ കബളിപ്പിക്കുന്നു
പരിശോധനാ കിറ്റിന്റെ പഴക്കം കാരണം പ്രതികൾ പ്രാഥമിക പരിശോധനയിൽ രക്ഷപ്പെട്ടേക്കാം
വിൽപ്പന ടൂറിസ്റ്റ് ബസ് യാത്രക്കാരെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച്
ഐസ് മെത്ത്, ക്രിസ്റ്റൽ മെത്ത്, യെല്ലോ മെത്ത് എന്നിങ്ങനെയും എം.ഡി.എം.എ.
അദ്ധ്യയനവർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ സ്‌കൂൾ, കോളേജ് പരിസരങ്ങളിൽ കർശന പരിശോധന നടക്കും. ഏറ്റവും ശക്തമായ പരിശോധനയും നടപടികളും നടക്കുന്നത് രാസലഹരികൾ സംബന്ധിച്ച കേസിലാണ്.
എസ്.ഷാനവാസ്
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ.