1

തൃശൂർ: കാലവർഷം തുടങ്ങുംമുൻപ് നിർമാണം പൂർത്തീകരിച്ച് കുതിരാനിലെ രണ്ടു ടണലുകളും തുറന്നില്ലെങ്കിൽ വഴിയൊരുങ്ങുന്നത് വീണ്ടും രൂക്ഷമായ ഗതാഗതക്കുരുക്കിന്. നിർമാണം നടക്കുന്നതിനാൽ ഒരു ടണലിലൂടെ മാത്രമാണ് ഇപ്പോൾ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടുന്നത്.

കഴിഞ്ഞദിവസം ഗ്യാൻട്രി കോൺക്രീറ്റിടൽ നടക്കുന്ന ഭാഗത്തും വിള്ളൽ കണ്ടെത്തിയിരുന്നു. ഇത് അടച്ചെങ്കിലും വീണ്ടും വിള്ളലുണ്ടാകുമോയെന്ന ആശങ്ക ഒഴിഞ്ഞിട്ടില്ല. ഒന്നര മാസമായി അടച്ചിട്ട് നിർമാണം നടത്തുന്ന പാലക്കാട്ടുനിന്ന് തൃശൂരിലേക്കുള്ള പാതയിലെ ടണലിലായിരുന്നു വിള്ളൽ. ദീർഘവൃത്താകൃതിയിലുണ്ടായ വിള്ളൽ സിമന്റ് തേച്ച് അടയ്ക്കുകയായിരുന്നു.

വിള്ളൽ രൂപപ്പെട്ട ഭാഗത്ത് ഉരുക്കുബോൾട്ടുകൾ ഘടിപ്പിച്ച് ബലപ്പെടുത്താനുള്ള ശ്രമവും നടത്തി. മഴയ്ക്കു മുൻപ് നിർമാണം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വാദം. നിർമാണം പൂർത്തിയായ ഭാഗത്ത് ലൈറ്റുകളും എക്‌സ്‌ഹോസ്റ്റ് ഫാനുകളും ഘടിപ്പിക്കുന്ന പണിയും തുടരുകയാണ്.


ഗ്യാൻട്രി കോൺക്രീറ്റ്: 30 ഇഞ്ച് കനം

ഇനി കോൺക്രീറ്റിടാൻ ശേഷിക്കുന്നത്: 150 മീറ്റർ ദൂരം

കോൺക്രീറ്റിംഗ് നടത്താതിരുന്നത്: 400 മീറ്റർ

ടണലിന്റെ ദൂരം: 962 മീറ്റർ

ഒരു ദിവസം നടക്കുന്നത്: പരമാവധി 9 മീറ്റർ


ബലമുണ്ടോ?

അർദ്ധവൃത്താകൃതിയിലുള്ള ടണലിന്റെ മേൽഭാഗം ഉരുക്കുപാളികൾ ഘടിപ്പിച്ച് കോൺക്രീറ്റിട്ട് ബലപ്പെടുത്തുന്നതാണ് ഗ്യാൻട്രി കോൺക്രീറ്റിടൽ. ടണലിന്റെ ബലത്തെക്കുറിച്ച് നേരത്തേതന്നെ ആശങ്കകളുണ്ടായിരുന്നു. മുഴുവനായും ഗ്യാൻട്രി കോൺക്രീറ്റിടൽ നടത്താത്തതിനെതിരെ നിർമാണം ആദ്യം ഏറ്റെടുത്തു നടത്തിയ കമ്പനി രംഗത്തെത്തിയിരുന്നു. മഴക്കാലത്ത് ചോർച്ച രൂക്ഷമായതിനെത്തുടർന്നാണ് വീണ്ടും കോൺക്രീറ്റിടൽ ആരംഭിച്ചത്.

ജൂണിൽ തുറന്നുകൊടുക്കുമോ?

പാലക്കാട്ട് നിന്ന് തൃശൂർ ഭാഗത്തേക്കുള്ള ടണലിന്റെ ബലപ്പെടുത്തൽ ജോലികൾ 2 മാസത്തിനകം പൂർത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്. ജൂണിൽ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നും ദേശീയപാതാ അതോറിറ്റി അറിയിച്ചിരുന്നു. ജനുവരിയിലാണ് പണികൾ ആരംഭിച്ചത്. വർഷങ്ങൾ നീണ്ട സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് കുതിരാൻ ടണൽ തുറന്നുകൊടുത്തത്. ഏറെ കൊട്ടിഘോഷിക്കപ്പെടുകയും വിവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്ത കുതിരാൻ ടണൽ നിർമ്മാണവും മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയുടെ നിർമ്മാണവും പണം ലഭ്യമാക്കാത്തതിനാൽ പലതവണ അനിശ്ചിതാവസ്ഥയിലായിരുന്നു. ആദ്യം നിർമ്മാണം നടത്തിയ കമ്പനിയ ഒഴിവാക്കിയ ശേഷം കെ.എം.സി ഏറ്റെടുക്കുകയായിരുന്നു. പിന്നീടും ടണൽ നിർമ്മാണം നീണ്ടു.