തൃശൂർ: ന്യൂനപക്ഷ കമ്മിഷൻ സിറ്റിംഗിൽ പരിഗണിച്ച ഏഴ് പരാതികളിൽ മൂന്നെണ്ണം തീർപ്പാക്കി. ചെയർമാൻ അഡ്വ.എ.എ.റഷീദ് പരാതികൾ പരിഗണിച്ചു. ബാക്കി അടുത്ത സിറ്റിംഗിലേക്ക് മാറ്റി. തൃശൂർ നഗരസഭയുടെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് അയ്യന്തോൾ സ്വദേശി സമർപ്പിച്ച പരാതിയിൽ നഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ അവസാനിപ്പിച്ചു.
വാഹനാപകട കേസിൽ പുനരന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ മണ്ണുത്തി സ്വദേശിയുടെ ഹർജി, ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീർപ്പാക്കി. മഹല്ല് കമ്മിറ്റി യോഗത്തിൽ ഭാരവാഹികളുടെ സാമ്പത്തിക ക്രമക്കേടുകൾ ചോദ്യം ചെയ്തതിന് മർദ്ദിക്കുകയും മകളുടെ വിവാഹം മുടക്കുകയും ചെയ്ത മഹല്ല് ഭാരവാഹികൾക്കെതിരെ പുത്തൻചിറ സ്വദേശി സമർപ്പിച്ച പരാതിയിൽ വഖഫ് ബോർഡും മഹല്ല് കമ്മിറ്റിയും സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി അവസാനിപ്പിച്ചു.