guruvayoor

ഗുരുവായൂർ: വൈശാഖ പുണ്യമാസം ആരംഭിച്ചതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് ഭക്തജന തിരക്ക്. വ്യാഴാഴ്ചയും വൈശാഖം ഒന്നും ഒരുമിച്ച് വന്നതോടെ ഇന്നലെ കണ്ണനെ തൊഴാൻ നിരവധി ഭക്തരാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്. ഇന്നലെ പുലർച്ചെ നിർമ്മാല്യ ദർശനത്തിനുള്ള വരി ബുധനാഴ്ച രാത്രിയോടെ തന്നെ നിറഞ്ഞിരുന്നു. പുണ്യകർമങ്ങൾക്ക് ഇരട്ടി ഫലം ലഭിക്കുമെന്ന് വിശ്വസിക്കുന്ന വൈശാഖമാസത്തിൽ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് പതിവാണ്. വൈശാഖ മാസത്തിലെ വ്യാഴാഴ്ച ദിവസങ്ങളിൽ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിൽ വിശേഷാൽ സദ്യ വിളമ്പും. മാമ്പഴ പുളിശ്ശേരി, എരിശ്ശേരി, പച്ചക്കടുമാങ്ങ, ഓലൻ, പപ്പടം, മോര് എന്നീ വിഭവങ്ങളാണ് സദ്യയ്ക്ക് വിളമ്പുക.