1
നാട്ടുകാരുടെ ഉറക്കം കെടുത്തി കാട്ടാനകൾ

വടക്കാഞ്ചേരി: തെക്കുംക്കര പഞ്ചായത്തിലെ മേലില്ല പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം കാർഷിക വിളകൾ നശിപ്പിച്ചു. വാഴ, കവുങ്ങ്, തെങ്ങ് തുടങ്ങിയ കാർഷിക വിളകളാണ് നശിപ്പിച്ചത്. കുലച്ച മുന്നൂറിലധികം വാഴകൾ ഒടിച്ചും ചവിട്ടിയും നശിപ്പിച്ച നിലയിലാണ്. മേലില്ലം പ്രദേശത്തെ മണ്ടോളിൽ തൊമ്മൻ, ഷാജു എന്നിവരുടെ കൃഷിയിടങ്ങളിലെ കൃഷി പൂർണമായും നശിപ്പിച്ചു. കൃഷി വകുപ്പ് അധികൃതരെത്തി നശിപ്പിച്ച കൃഷിയുടെ കണക്കെടുത്തു. കുതിരാൻ തുരങ്കം തുറന്നതോടെയാണ് തെക്കുംകര, വാഴാനി, അകമല എന്നീ പ്രദേശങ്ങളിൽ ആനകൾ കൂടുതലായി എത്താൻ തുടങ്ങിയത്. കാട്ടിൽ തീറ്റയില്ലാതതും വെള്ളമില്ലാത്തതുമാണ് ആനകൾ കൂട്ടത്തോടെ നാടിറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. ആനകൾക്ക് കൂടുതൽ ഇഷ്ടപ്പെട്ട വാഴപ്പിണ്ടിയും ചക്കയും മാങ്ങയുമെല്ലാം നാട്ടിൽ പ്രദേശത്ത് സുലഭമായതുകൊണ്ടാണ് ആനകൾ തുടർച്ചയായി നാട്ടിലിറങ്ങുന്നത്. അകമല,ആറ്റൂർ, കുറ്റിക്കാട്, കൊളത്താശ്ശേരി, വാഴാനി, മേലില്ലം,കളപാറ, തോന്നൂർക്കര എന്നീ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ ആനക്കൂട്ടം ഇറങ്ങുന്നതുമൂലം ഈ പ്രദേശത്ത് താമസിക്കുന്നവർ ഏറെ ഭീതിയിലാണ്. ആനകളെ തുരത്താനായി ഉറക്കമൊഴിച്ചിരിക്കുന്ന ഗ്രാമവാസികൾ പടക്കം പൊട്ടിച്ചാണ് ആനകളെ ഓടിക്കുന്നത്. ആനകൾ വരുന്നത് തടയാൻ സൗരോർജ്ജ വേലികൾ നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്. എന്നാൽ സ്ഥലം എം.എൽ.എ. ആനകൾ ഇറങ്ങിയ സ്ഥലം സന്ദർശിച്ചുവെങ്കിലും നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.