കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ചാപ്പാറ മുത്തി ക്ഷേത്രത്തിലെ മൂന്ന് ദിവസം നീളുന്ന നാലാം പ്രതിഷ്ഠാ ദിനാചരണത്തിനും ഗുരുതി മഹോത്സവത്തിനും കൊടിയേറ്റത്തോടെ തുടക്കം. മഹോത്സവ ചടങ്ങുകൾക്ക് കൊടുങ്ങല്ലൂർ ബാബു ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. പത്തിന് നടക്കുന്ന പ്രതിഷ്ഠാദിനാചരണത്തിന്റെ ഭാഗമായി രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹവനം, ഏഴിന് കലശപൂജ, കലശാഭിഷേകം, മൂർത്തി കലശം, നാഗത്തിന് വിശേഷാൽ പൂജയും നടക്കും. രാത്രി ഏഴിന് വനിതാ അംഗങ്ങൾ ഒരുക്കുന്ന തിരുവാതിരക്കളിയും, കൈകൊട്ടിക്കളിയും നടക്കും. സമാപന ദിവസമായ 11ന് രാവിലെ ഉഷഃപൂജ, എട്ടിന് പന്തീരടി പൂജയും, ഭഗവതിക്ക് കളമെഴുത്തുപാട്ടും ക്ഷേത്രനടയിൽ പറയെടുപ്പ്, 11ന് ഉച്ചപൂജക്ക് ശേഷം അന്നദാനവും നടക്കും. വൈകീട്ട് ആലുങ്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും താലം എഴുന്നെള്ളത്ത് പുറപ്പെടും. 6.30ന് ദീപാരാധന, അത്താഴപൂജ, തായമ്പക എന്നിവയുണ്ടാകും.