1
സോപാന സംഗീത പരിക്രമത്തിന് കുറ്റിയങ്കാവ് ക്ഷേത്രത്തിൽ സ്വീകരണം നൽകി

വടക്കാഞ്ചേരി: സോപാന സംഗീതത്തിന്റെ പഠനവും പ്രചാരണവും എന്ന ലക്ഷ്യത്തിൽ കഴിഞ്ഞ 15 വർഷക്കാലമായി ബഹറിനിൽ പ്രവർത്തിക്കുന്ന ബഹറിൻ സോപാനം വാദ്യകലാസംഘത്തിന്റെ ആഭിമുഖ്യത്തിൽ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട സോപാന സംഗീത പരിക്രമ യാത്രക്ക് കുറ്റിയങ്കാവ് ദേവീ ക്ഷേത്രത്തിൽ സ്വീകരണം നൽകി. 18 പേർ ഒരുമിച്ച് ക്ഷേത്രത്തിൽ സോപാന സംഗീതം അവതരിപ്പിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് 'സോപാന സംഗീത പരിക്രമം' സംഘടിപ്പിക്കപ്പെടുമ്പോൾ ബഹറിനിൽ സോപാന സംഗീതവും ഇടയ്ക്കയും അഭ്യസിച്ച് അരങ്ങേറിയ സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടുന്ന 18 പേർ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മുതൽ പൂർണ്ണത്രയീശ ക്ഷേത്രം വരെയുള്ള 10 ക്ഷേത്രങ്ങളിലൂടെ സോപാന സംഗീത പരിക്രമം നടത്തുന്നത്.
പ്രവാസികളായ ഒരു സംഘം നടത്തുന്ന സോപാന സംഗീത പരിക്രമത്തിനു ബഹറിൻ സോപാനം ഗുരു മേളകലാരത്‌നം സന്തോഷ് കൈലാസ് നേതൃത്വം നൽകി. സോപാനസംഗീത ഗുരു സോപാന സംഗീതരത്‌നം അമ്പലപ്പുഴ വിജയകുമാറിന്റെ മാർഗ്ഗോപദേശത്തിൽ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിൽ ആചാര്യവന്ദനത്തോടെ ആരംഭിച്ച യാത്രക്കാണ് കുറ്റിയങ്കാവ് ക്ഷേത്രത്തിൽ സ്വീകരണം നൽകിയത്.