പാവാട്ടി : എളവള്ളി-തോളൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണക്കട പാലത്തിന്റെ അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടു നൽകാൻ ഭൂ ഉടമകൾ. നാടിന്റെ വികസനത്തിനായി ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടു നൽകാൻ ഭൂ ഉടമകൾ സമ്മതിക്കുകയായിരുന്നു. എളവള്ളി പഞ്ചായത്ത് വിളിച്ചുചേർത്ത കർഷകരുടെയും ഭൂ ഉടമകളുടെയും ജനപ്രതിനിധികളുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. 80 മീറ്റർ നീളത്തിലാണ് അപ്രോച്ച് റോഡ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാലത്തിന്റെ ഇരു ഭാഗത്തേക്കുള്ള പഞ്ചായത്ത് റോഡുകൾക്ക് ആവശ്യമായ വീതി ഉറപ്പുവരുത്തിയാൽ മാത്രമേ തുടർന്നുള്ള നടപടികൾ പുരോഗമിക്കുകയുള്ളൂവെന്ന് സൂചിപ്പിച്ച് പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം അസി. എൻജിനീയറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് എളവള്ളി പഞ്ചായത്ത് വിപുലമായ യോഗം ചേർത്തത്. മണക്കട പാലത്തിന്റെ പടിഞ്ഞാറ് അപ്രോച്ച് റോഡ് പുല്ലാമ്പ് റോഡ്, വാക കാക്കതുരുത്ത് കോളനി വഴി കാർത്ത്യായനി ക്ഷേത്രം വരെയാണ് അലൈൻമെന്റ് ചെയ്തിട്ടുള്ളത്. പാലത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള റോഡ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മിക്കും. യോഗത്തിൽ എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അദ്ധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണു ഗോപാൽ, ലീന ശ്രീകുമാർ , എൻ.ബി.ജയ, ശ്രീബിത ഷാജി, ഷാലി ചന്ദ്രശേഖരൻ, രാജി മണികണ്ഠൻ, സനിൽ കുന്നത്തുള്ളി, പി.എം. അബു, നിമേഷ് പുഷ്പൻ, സി.വി.സംഗീത, ടി.കെ. ഭാനുമതി, ജാസ്മിൻ ജഗദീഷ് എന്നിവർ പ്രസംഗിച്ചു. കർഷകരായ കെ.പി. സണ്ണി, പി.ശിവശങ്കരൻ, പി.പി. മോഹനൻ, ശ്രീകുമാർ വാക, പ്രദീപ് തൊമ്മിൽ, രവി പുല്ലാനി പറമ്പത്ത്, എംഗോപിനാഥൻ, ഷാജൻ തോമസ് എന്നിവർ പങ്കെടുത്തു.
പടം : നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മണക്കട പാലത്തിന്റെ മാതൃക.
മണക്കട പാലം ഉടൻ
പാലത്തിന്റെ നിർമ്മാണം സംബന്ധിച്ച് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 16 മീറ്റർ നീളമുള്ള മൂന്ന് സ്പാനുകളിലായി 48 മീറ്റർ നീളവും ഇരുവശത്തും 1.30 മീറ്റർ വീതിയുള്ള നടപ്പാതകൾ ഉൾപ്പെടെ 11 മീറ്റർ വീതിയുമാണുള്ളത്. 1.30 മീറ്റർ ഉയരത്തിൽ ആർ.സി.സി. ഗർഡറും അതിനു മുകളിലായി ആർ.സി.സി. സ്ലാബും കൂടി ഗ്രൗണ്ടിൽ നിന്നും പാലം നാല് മീറ്റർ ഉയർന്നു നിൽക്കും.