sadharshanam

കൊടുങ്ങല്ലൂർ: കാനകളിൽ ഒഴുക്ക് നിലച്ചതിനാൽ ദേശീയപാതാ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ആശങ്ക ഒഴിവായി. ദേശീയപാതയ്ക്ക് അരികിലുള്ള കാനകളിൽ മിക്കതും മണ്ണും ചെളിയും വീണ് ഒഴുക്ക് നിലച്ചിരിക്കുകയായിരുന്നു. വലിയ വെള്ളക്കെട്ട് ഉണ്ടാകുമെന്ന ആശങ്കകൾക്കിടെയാണ് പ്രശ്‌നപരിഹാരത്തിന് എ.ഡി.എമ്മിന്റെ ഇടപെടലുണ്ടായത്.

ചന്തപ്പുര മുതൽ കോട്ടപ്പുറം വരെയുള്ള മൂന്നരക്കിലോമീറ്റർ ദൂരം ബൈപാസിൽ നവീകരണത്തിന്റെ ഭാഗമായി പുതിയ കാനകൾ നിർമ്മിക്കുകയാണ്. ഇതിനിടെ മുൻപുള്ള കാനകളിലാണ് മണ്ണും ചെളിയും വീണ് ഒഴുക്ക് നിലച്ചത്. ദേശീയപാത പോകുന്നിടത്തെ തദ്ദേശ സ്ഥാപനങ്ങളും ദേശീയപാതാ അധികൃതരും ചേർന്ന് നിർമ്മാണം നടക്കുന്ന പ്രദേശങ്ങളിൽ സംയുക്ത പരിശോധന നടത്തി.

വെള്ളക്കെട്ട് സാദ്ധ്യതകളും നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റ് പ്രാദേശിക പ്രശ്‌നങ്ങളും പരിശോധിച്ച് പരിഹരിക്കാനായിരുന്നു നിർദ്ദേശം. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച ഉച്ചയ്ക്ക് ബൈപാസിൽ എത്തിയ സംയുക്ത സംഘം പരിശോധ നടത്തി. ദേശീയപാത കടന്നുപോകുന്ന പ്രദേശത്തെ ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനിയർമാർ, ദേശീയപാതാ ഉദ്യോഗസ്ഥർ, കരാറുകാരായ ശിവാലയ കൺസ്ട്രക്‌ഷൻ കമ്പനി ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

കാനകൾ തുറക്കും, മണ്ണും ചെളിയും നീക്കും

കൊടുങ്ങല്ലൂർ മുനിസിപ്പൽ പ്രദേശത്തിനൊപ്പം സംഘം ശ്രീനാരായണപുരം, മതിലകം പ്രദേശങ്ങളും സന്ദർശിച്ച് സംഘം വെള്ളക്കെട്ട് സാദ്ധ്യതകൾ വിലയിരുത്തി. കയ്പമംഗലം, പെരിഞ്ഞനം, എടതിരുത്തി, വലപ്പാട്, നാട്ടിക പ്രദേശങ്ങൾ ഇന്ന് സന്ദർശിക്കും. ദേശീയപാത കടന്നുപോകുന്ന മുനിസിപ്പൽ പ്രദേശത്തെ ടി.കെ.എസ് പുരം മുതൽ കോതപറമ്പ് വരെ അടഞ്ഞുകിടക്കുന്ന മുഴുവൻ കാനകളും അടിയന്തരമായി തുറക്കാനും മണ്ണും ചെളിയും നീക്കം ചെയ്യാനും തീരുമാനിച്ചു.