കുന്നംകുളം: പെരുമ്പിലാവിൽ മഴകനത്താൽ പെരുമ്പിലാവ് പതിനാലാം വാർഡ് കണക്കകോളനി നിവാസികളുടെ സഞ്ചാര പാതയായ റോഡ് തോടായി മാറും. മഴയെത്തിയാൽ കഴിഞ്ഞ 15 വർഷമായി ഇതാണ് ഇവിടുത്തെ അവസ്ഥ. റോഡിലെ വെള്ളക്കെട്ട് കാൽനട യാത്രയും വാഹന യാത്രയും ദുസഹമാക്കും. ആദ്യ വേനൽ മഴ പെയ്ത കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ റോഡിൽ കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. താഴ്ന്ന റോഡാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. കൂടാതെ റോഡിന്റെ ഒരു വശം മാത്രമാണ് കാന. കാനയിൽ മണ്ണും ചെളിയും മാലിന്യങ്ങളും നിറഞ്ഞ് അടഞ്ഞ അവസ്ഥയിലുമാണ്. റോഡിന്റെ സമീപത്തു തന്നെ മഴവെള്ളം ഒഴുകി പോകാനുള്ള വലിയ തോട് പഞ്ചായത്ത് വക നിർമ്മിച്ചിട്ടുണ്ടെങ്കിലും കാനയിലെ മണ്ണിന്റെയും മാലിന്യങ്ങളുടെ തടസം മൂലം ഇവിടേക്ക് വെള്ളം ഒഴുകിയെത്തുന്നില്ല. വെള്ളക്കെട്ട് മൂലം മഴക്കാലമായാൽ കാനകൾ കോരി വൃത്തിയാക്കൽ ജോലികൾ നടക്കുമെങ്കിലും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാകാറില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം. ആൽത്തറ,തിപ്പലശ്ശേരി ,കടങ്ങോട് ,എരുമപ്പെട്ടി മേഖലയിൽ നിന്നും പെരുമ്പിലാവ് ജംഗ്ഷനിലേക്കുള്ള വഴിയാത്രക്കാരും പെരുമ്പിലാവിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള അനേകം വിദ്യാർത്ഥികളും സഞ്ചരിക്കുന്ന പ്രധാന എളുപ്പപാത കൂടിയാണിത്.
വർഷം തോറുമുള്ള കനത്ത വെള്ളക്കെട്ട് മൂലം റോഡും തകർന്ന അവസ്ഥയിലാണ്. ജലനിധി പൈപ്പ് സ്ഥാപിക്കാൻ വേണ്ടി പൊളിച്ചിട്ട റോഡിന്റെ ഒരു ഭാഗം മഴയ്ക്ക് മുൻപ് ടാറിംഗ് ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പടം
റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട്
പരിഹാരം വേണം
താഴ്ന്ന റോഡുകൾ
കാന റോഡിന്റെ ഒരു വശത്ത് മാത്രം
കാനയിൽ മണ്ണും ചെളിയും മാലിന്യങ്ങളും
വർഷം തോറുമുള്ള വെള്ളക്കെട്ടിൽ റോഡും തകർന്നു
ജലനിധി പൈപ്പിനായി റോഡ് പൊളിച്ചു