കൊടുങ്ങല്ലൂർ: ദേശീയപാതയിലെ അശാസ്ത്രീയ നിർമ്മാണത്തിൽ പ്രതിഷേധം. തിരക്കേറിയ ചന്തപ്പുര ജംഗ്ഷനിൽ ബൈപാസ് ആറുവരിയാക്കുന്നതിന്റെ ഭാഗമായി കുടിവെള്ള പൈപ്പ് മാറ്റാനെന്ന പേരിൽ ഭീമൻ കുഴിയുണ്ടാക്കി ഗതാഗതം അപകടകരമാക്കുകയും പൂർണമായി തടയുകയും ചെയ്ത നടപടിയിലാണ് പ്രദേശവാസികളുടെ പ്രതിഷേധം.
പ്രാഥമികമായി ജാഗ്രതാ ബോർഡുകൾ പോലും സ്ഥാപിക്കാതെയാണ് ആന വീണാൽ പോലും കാണാത്ത കുഴികളുണ്ടാക്കി നിർമ്മാണം നടത്തുന്നതെന്നാണ് ആരോപണം. ഇതിനു മുൻപും മാസങ്ങളോളം ചന്തപ്പുര ജംഗ്ഷനിൽ കുഴികളുണ്ടാക്കി മൂടാതെ ഇട്ടിരുന്നു. ജനങ്ങൾ വികസനത്തിനായി പരമാവധി ക്ഷമ കാണിക്കുമ്പോൾ ദേശീയപാതാ അധികൃതരും കരാറുകാരും ജീവൻ പന്താടുകയാണെന്നാണ് പരാതി.
കുഴിക്ക് ചുറ്റും സുരക്ഷിത കവചങ്ങളോ വലയമോ ഇല്ല. വഴി പൂർണമായും അടച്ച് ജനങ്ങൾക്ക് നടന്നുപോകാനാകാത്ത വിധമാണ് നിർമ്മാണം. വാഹനങ്ങൾ കൊണ്ടുപോകാനായില്ലെങ്കിലും സുരക്ഷിതമായി നടക്കാൻ കഴിയുന്ന രീതിയിൽ സുരക്ഷാ സംവിധാനം ഏർപ്പെടുത്തണം. ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികൾ ആവിഷ്‌കരിക്കും.
- കെ.ആർ. ജൈത്രൻ (സി.പി.എം ഏരിയ സെക്രട്ടറി, വാർഡ് കൗൺസിലർ)