കാഞ്ഞാണി: കുടിവെള്ള പദ്ധതിയായ കോലുമാട് ശുദ്ധജല പദ്ധതി യാഥാർത്ഥ്യമാക്കിയെങ്കിൽ മണലൂർ പഞ്ചായത്തിലും സമീപത്തെ പത്തോളം പഞ്ചായത്തുകളിലും അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടുമായിരുന്നുവെന്ന് കോൺഗ്രസ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പദ്ധതിക്ക് 10 കോടി അനുവദിച്ചെങ്കിലും പിന്നീട് വന്ന ആദ്യ പിണറായി സർക്കാർ 50 കോടി അനുവദിച്ചു. പിന്നീട് മുരളി പെരുനെല്ലി എം.എൽ.എ പദ്ധതിക്കായി ചെറുവിരൽ അനക്കിയില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.
കോലുമാട് ശുദ്ധജല പദ്ധതി യാഥാർത്ഥ്യമാക്കാൻ ഇടപെടുന്നില്ലെന്ന് ആരോപിച്ച് മണലൂർ മണ്ഡലം കോൺഗ്രസ് പ്രവർത്തകർ എം.എൽ.എയുടെ കോലവുമായി പ്രതിഷേധിച്ചു. തുടർന്ന് കോലം കത്തിച്ചു. ഡി.സി.സി സെക്രട്ടറി കെ.കെ. ബാബു സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.വി അരുൺ അദ്ധ്യക്ഷനായി.
വി.ജി. അശോകൻ, കെ.ബി. ജയറാം, റോബിൻ വടക്കേത്തല, കെ.കെ. പ്രകാശൻ, ജിഷ സുരേന്ദ്രൻ, പുഷ്പ വിശ്വംഭരൻ, ടോണി അത്താണിക്കൽ, സി.എൻ. പ്രഭാകരൻ, ജോസഫ് പള്ളിക്കുന്നത്, സ്റ്റീഫൻ നീലങ്കാവിൽ, വാസു വളാഞ്ചേരി എന്നിവർ സംസാരിച്ചു.