vellam
കനത്ത മഴയിൽ തൃപ്രയാർ സെന്ററിൽ പടിഞ്ഞാറുഭാഗത്ത് കടകളിലേക്ക് വെള്ളം കയറിയപ്പോൾ.

തൃപ്രയാർ: വെള്ളിയാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയിൽ തൃപ്രയാർ ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. തൃപ്രയാർ സെന്ററിന് പടിഞ്ഞാറ് ഭാഗത്തെ ഉല്ലാസ് ഹോട്ടൽ, കവിത എജൻസീസ്, ചേന്ദംകുളം ഫാബ്രിക്‌സ്, ആര്യവൈദ്യ ഫാർമസി, ആശ്രയ മെഡിക്കൽ ഷോപ്പ്, പരാഗ് ഫാഷൻ തുടങ്ങി പത്തോളം സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. ക്ഷേത്രം റോഡിലെ എതാനും കടകളിലും വെള്ളം കയറിയിട്ടുണ്ട്. ഇതുമൂലം പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായി വ്യാപാരികൾ പറഞ്ഞു. സെന്ററിൽ മണിക്കൂറിലധികം പെയ്ത വേനൽ മഴയിൽ സ്ഥാപനങ്ങൾക്കു മുൻവശത്തെ കാന അടഞ്ഞുകിടന്നത് മൂലമാണ് വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറാൻ ഇടയാക്കിയതെന്ന് പറയുന്നു. ജൽജീവൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടുന്നതിനായി കുഴിയെടുത്ത ഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കാതെ കല്ലും മണ്ണും കാനയുടെ മുകളിൽ കൂട്ടിയിട്ടിരുന്നു. ഇതോടെ കാനയിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെട്ടു. കൂടാതെ തൃപ്രയാർ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ടുള്ള കാനയിലൂടെ വെള്ളം ഒഴുകിപ്പോവാത്തതും വെള്ളപ്പെക്കത്തിന് കാരണമാക്കി. ദേശീയപാതയോ പഞ്ചായത്തോ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതും വെള്ളം കയറാൻ കാരണമാക്കിയതായി പറയുന്നു. വിഷയത്തിൽ എത്രയും വേഗം പരിഹാരം കാണമെന്നാവശ്യപ്പെട്ട് നാട്ടിക തൃപ്രയാർ മർച്ചന്റ്‌സ് അസോസിയേഷൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. കുടിവെള്ള പൈപ്പ് ഇടുന്നതിനായി വെട്ടിപ്പൊളിച്ച ഭാഗങ്ങളിലെ കല്ലും മണ്ണും ഉടൻ നീക്കം ചെയ്യണമെന്നും മർച്ചന്റസ് അസോസിയേഷൻ സെക്രട്ടറി പി.കെ. സമീർ നിവേദനത്തിൽ ആവശ്യപ്പെട്ടു.