ചേർപ്പ് : ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കുമരുന്ന് ലഹരി വിൽപ്പന വ്യാപകമാകുന്നു. പാറളം പഞ്ചായത്തിലെ കോടന്നൂർ, വെങ്ങിണിശ്ശേരി ബണ്ട്, വല്ലച്ചിറ മിനി എസ്റ്റേറ്റ് പരിസരം എന്നിവിടങ്ങളിലാണ് എം.ഡി.എം.എ പോലുള്ള മാരകമായ മയക്കുമരുന്നുകളുടെ വിൽപ്പന വ്യാപകമാകുന്നത്. യുവാക്കളാണ് കൂടുതലും ഇത്തരം ലഹരി വസ്തുക്കളുടെ ഇരയിലാകുന്നത്. രാത്രികാലങ്ങളിൽ വെങ്ങിണിശ്ശേരി ബണ്ട് പരിസരം, വല്ലച്ചിറ മിനി എസ്റ്റേറ്റ് പരിസരം എന്നിവിടങ്ങളിലാണ് ഇടപാടുകാർ ഇവ വിൽപ്പന നടത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം വല്ലച്ചിറയിൽ മെത്താം ഫെറ്റമിൻ എന്ന അതിമാരക മയക്കുമരുന്നുമായി വല്ലച്ചിറ സ്വദേശിയടക്കം രണ്ട് യുവാക്കൾ പിടിയിലായിരുന്നു. അഞ്ച് ഗ്രാം മയക്കുമരുന്ന് ഇവരിൽ നിന്ന് പിടികൂടിയിരുന്നു. 2000 രൂപയ്ക്കാണ് ഇവർ ആവശ്യക്കാർക്ക് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. കോടന്നൂരിൽ ഇക്കഴിഞ്ഞ ഞായറാഴ്ച മഹേഷ് എന്ന യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതികളും കൃത്യം ചെയ്യുമ്പോൾ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്നുവെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. മേഖലയിലെ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ ഉപയോഗത്തിന് അറുതിവരുത്താൻ വേണ്ട നടപടികൾ എക്‌സൈസ് അധികൃതർ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളിൽ നിന്നും ഉയരുന്ന ജനകീയ ആവശ്യം.