കുന്നംകുളം: നഗരസഭയിലെ ആരാധനാലയങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ
കുന്നംകുളം നഗരസഭ. നഗരസഭയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് നഗരസഭ, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിനായി നഗരസഭയ്ക്കു പുറത്തുള്ള തദ്ദേശ സ്ഥാപനങ്ങളെയും വൈകാതെ ഉൾപ്പെടുത്തും. നഗരസഭയ്ക്കും പൊലീസിനും കേന്ദ്രീകൃത നിരീക്ഷണം നടത്തുന്ന രീതിയിലാണ് പ്രവർത്തനം. നിലവിൽ നഗരസഭ 18 ഇടങ്ങളിലായി അത്യാധുനിക രീതിയിലുള്ള ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മോഷണം, പിടിച്ചുപറി, കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങൾക്ക് തടയിടാനാകുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ചെയർപേഴ്‌സൺ സീത രവീന്ദ്രൻ അഭിപ്രായപ്പെട്ടു. അത്യാധുനിക രീതിയിലുള്ള ക്യാമറകൾ ആരാധനാലയങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപിക്കാൻ ക്ഷേത്ര കമ്മിറ്റി, പള്ളി കമ്മിറ്റി, മസ്ജിദ് കമ്മിറ്റി എന്നിവയുടെ സഹകരണവും തേടും. ബസ് ഓണേഴ്‌സ് സംഘടനാ പ്രതിനിധികൾ, ചേംബർ ഓഫ് കോമേഴ്‌സ് സംഘടന പ്രതിനിധികൾ തുടങ്ങിയവർ സഹകരണം ഉറപ്പാക്കും. ആലോചന യോഗത്തിൽ എസ്.എച്ച്.ഒ .യു.കെ ഷാജഹാൻ വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ, സജിനി പ്രേമൻ, ടി. സോമശേഖരൻ, സെക്രട്ടറി കെ.ബി. വിശ്വനാഥൻ, കെ. ബി.ടി.എ പ്രതിനിധി മുജീബ് റഹ്മാൻ, ചേംബർ പ്രതിനിധി ജിനീഷ് തെക്കേക്കര, ആരാധനാലയ പ്രതിനിധികളായ കെ.ടി അബ്ദു, സി.ഐ.വർഗീസ്, കെ.ബി. സുധീപ്കുമാർ, കച്ചവട പ്രതിനിധികൾ, ബസ് ഓണേഴ്‌സ് സംഘടന പ്രതിനിധികൾ, ആരാധനാലയങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സുരക്ഷ ഒരുക്കി ക്യാമറകൾ
ആരാധനാലയങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് പ്രധാന ലക്ഷ്യം. മോഷണം, പിടിച്ചുപറി, കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങൾക്ക് തടയിടാനാകും. നഗരസഭ പരിധിയിലെ വിവിധ ക്ഷേത്രങ്ങളിൽ ഉത്സവ കാലത്തോടനുബന്ധിച്ച് മോഷണങ്ങൾ വർധിച്ചു വരുന്ന അവസ്ഥയുണ്ട്. വീടുകൾ കേന്ദ്രീകരിച്ചും ഇവ വ്യാപകമായാണ്. ഇതിനെയെല്ലാം ഇല്ലാതാക്കുന്നതിന് വിവിധ കൂട്ടായ്മകളിലൂടെ സ്ഥാപിക്കുന്ന ക്യാമറ സംവിധാനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.