1
വാഴാനി ഡാമിൽ നിന്നും വെള്ളം തുറന്നു വിട്ടു.

വടക്കാഞ്ചേരി: കുടിവെള്ളക്ഷാമം പരിഹരിക്കാനായി വാഴാനി ഡാമിൽ നിന്നും വെള്ളം തുറന്നു വിട്ടു. മൂന്ന് ദിവസം മെയിൻ കനാലിലൂടെയും ഒന്നരദിവസം പാർളിക്കാട് ബ്രാഞ്ച് കനാലിലൂടെയും അരദിവസം മുണ്ടൂർ ബ്രാഞ്ച് കനാലിലൂടെയും കുറാഞ്ചേരി ബ്രാഞ്ച് വഴിയുമാണ് വെള്ളം പുറത്തേക്കൊഴുക്കുക. കളക്ടർ വി.ആർ.കൃഷ്ണതേജയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഡാമിൽ നിന്നും വെള്ളം പുറത്തേക്കൊഴുക്കുന്നത് മൂലം അധികജലം ഒഴുകിവന്ന് വടക്കാഞ്ചേരി പുഴയിലെയും ഇറിഗേഷൻ കനാലിലെയും ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും പുഴയിലും കനാലിലും ഇറങ്ങാനും കന്നുകാലികളെ കുളിപ്പിക്കാനും നിയന്ത്രണം ഏർപ്പെടുത്തും. ഇത് സംബന്ധിച്ച നടപടി ജില്ലാ പൊലീസ് മേധാവി സ്വീകരിക്കണം. വടക്കാഞ്ചേരി, കേച്ചേരി, മൂക്കോല പുഴകളിലെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഇത് സംബന്ധിച്ച മുന്നറിയിപ്പ് വടക്കാഞ്ചേരി മുനിസിപ്പൽ സെക്രട്ടറി, അതത് പഞ്ചായത്ത് സെക്രട്ടറിമാർ സ്വീകരിക്കണം. ഡാമിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കുന്ന ഓരോ ഘട്ടത്തിലും ബന്ധപ്പെട്ട വകുപ്പുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അലർട്ടുകൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി. പാടശേഖരങ്ങളിൽ വെള്ളം കയറാൻ സാദ്ധ്യതയുണ്ടെങ്കിൽ ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കുന്നതിന് കർഷകർക്ക് മുന്നറിയിപ്പ് നൽകാനും പാടശേഖരങ്ങളിൽ വെള്ളം കയറുന്നത് കൃത്യമായ ഇടവേളകളിൽ നേരിട്ട് പരിശോധിക്കാനും വേണ്ട സഹായങ്ങൾ ലഭ്യമാക്കാനും ബന്ധപ്പെട്ട കൃഷി ഓഫീസർമാർക്ക് നിർദേശം നൽകി. ഇത് പരിശോധിച്ച് ഉറപ്പാക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫീസറെ ചുമതലപ്പെടുത്തി. നിലവിൽ മുണ്ടകൻ കൃഷിക്കും, ഒന്നാംഘട്ട കുടിവെള്ള ആവശ്യത്തിനുമായി ജലവിതരണം നടത്തിയശേഷം ഡാമിൽ അവശേഷിക്കുന്ന ജലത്തിന്റെ അളവ് 49.07 എം.എം ക്യൂബാണ്.