bjp
ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നു

തൃശൂർ: കടുത്ത വേനലിൽ നാട് ഉരുകുമ്പോൾ കുടിവെള്ള വിതരണത്തിലെ അപാകതകൾക്കെതിരെ കൗൺസിലിൽ പ്രതിപക്ഷ പ്രതിഷേധം. കുരിയച്ചിറയിലെ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യവും കൗൺസിലിൽ ഉയർന്നു. പ്രതിപക്ഷ നേതാവ് രാജൻ പല്ലനാണ് വിഷയങ്ങൾക്ക് തുടക്കമിട്ടത്. പിന്നാലെ ബി.ജെ.പി ലീഡർ വിനോദ് പൊള്ളാഞ്ചേരിയും ഏറ്റുപിടിച്ചു. ജനങ്ങൾ കൗൺസിലർമാർ മുഖേന കുടിവെള്ളം ചോദിക്കുമ്പോൾ ലോറി കേടാണെന്നും ഡ്രൈവർ ഇല്ലെന്നും വെള്ളമുള്ള കിണർ കണ്ടെത്താനായില്ലെന്നും ഒക്കെയാണ് ബന്ധപ്പെട്ടവർ പറയുന്നതെന്ന് രാജൻ പല്ലൻ ചൂണ്ടിക്കാട്ടി. എന്നാൽ ആരോപണത്തിനെതിരെ ഭരണപക്ഷത്തെ ഐ.സതീഷ് കുമാറും, രാജശ്രീ ഗോപനും രംഗത്തെത്തി.

ഗാർഹിക വാണിജ്യ കെട്ടിടങ്ങളുടെ നികുതിയിനത്തിൽ കോർപ്പറേഷൻ ജനങ്ങളെ പിഴിയുകയാണ്. നികുതി ക്രമക്കേടുകളെ കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കുരിയച്ചിറ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാതിരിക്കാൻ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങൾക്കും വ്യാപാര സ്ഥാപനങ്ങളിലെ ആളുകൾക്കും ആരോഗ്യ പരിരക്ഷ നൽകണമെന്നും കുരിയച്ചിറക്കാർക്ക് കളിസ്ഥലം അനുവദിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് ഇ.വി.സുനിൽ രാജ് ആവശ്യപ്പെട്ടു.

പി.കെ.ഷാജൻ, മുകേഷ് കൂളപറമ്പിൽ, പൂർണിമ സുരേഷ്, ഷീബ, അനീഷ് അഹമ്മദ്, രാഹുൽ രാജ് എന്നിവരും പങ്കെടുത്തു.


നടുത്തളത്തിലിരുന്ന് ബി.ജെ.പി


ബിനി ടൂറിസ്റ്റ് ഹോം വിഷയത്തിൽ നടുത്തളത്തിൽ ഇരുന്ന് പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും ഓംബുഡ്‌സ്മാനിലും കേസ് നിലനിൽക്കെ ഇതെല്ലാം മറച്ചുവെച്ച് കൗൺസിലിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. പ്രതിഷേധത്തിന് പാർലമെന്ററി ലീഡർ വിനോദ് പൊള്ളഞ്ചേരി, ഡോ.വി.ആതിര, എൻ.പ്രസാദ്, പൂർണിമ സുരേഷ്, രാധിക.എൻ.വി, നിജി കെ.ജി തുടങ്ങിയവർ നേതൃത്വം നൽകി.


കെട്ടിടനികുതി കുറയ്ക്കുന്നു

സർക്കാർ ചട്ടപ്രകാരമുള്ള ഏറ്റവും കുറവ് കെട്ടിട നികുതി പിരിക്കാൻ കൗൺസിൽ തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന കെട്ടിട നികുതി പരിഷ്‌കരണം 2023 ഏപ്രിൽ 1 മുതൽ പ്രാബല്യം നൽകി നടപ്പാക്കും. 37 അജൻഡകളിൽ ആറെണ്ണം ഒഴികെയുള്ള അജൻഡകളിൽ തീരുമാനമായെന്ന് മേയർ വ്യക്തമാക്കി. കൊതുകു നശീകരണം, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട് ഹെൽത്ത് ഇൻസ്‌പെക്ടർമാർ, കൗൺസിലർമാർ എന്നിവരുടെ യോഗം 15 നകം പൂർത്തീകരിക്കണമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷാജൻ അറിയിച്ചു. ഡിവിഷനെ എട്ടു ഭാഗമാക്കി പ്രാദേശിക സമിതികൾ രൂപീകരിക്കണം. കാനകൾ വൃത്തിയാക്കാൻ ഓരോ ഡിവിഷനും 40,000 രൂപ വീതം നൽകും. 26 ന് ഡ്രൈഡേയാകും.