തീരദേശ ഹൈവേ അലൈൻമെന്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പട്ട് നടത്തി വരുന്ന സായാഹ്ന ധർണ ഡോ. എസ്. അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: തീരദേശ ഹൈവേ പാത നിർമ്മാണത്തിനായി എറിയാട് മുതൽ അഴീക്കോട് വരെ നിശ്ചയിച്ചിട്ടുള്ള അശാസ്ത്രീയമായ അലൈൻമെന്റ് മൂലം നഷ്ടപ്പെടുന്നത് വർഷങ്ങളായി വിദേശത്ത് ജോലി ചെയ്ത് തിരിച്ചെത്തി നാട്ടിൽ തങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം ജീവിക്കാൻ വേണ്ടി പണിത കെട്ടിടങ്ങളും ചെറിയ ചെറിയ കച്ചവടങ്ങളുമാണെന്ന് പ്രവാസി പെൻഷൻ ഹോൾഡേഴ്‌സ് അസോസിയേഷൻ ചീഫ് കോ-ഓർഡിനേറ്റർ ഡോ. എസ്. അഹമ്മദ്. തീരദേശ ഹൈവേ അലൈൻമെന്റ് മാറ്റി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എറിയാട് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടക്കുന്ന 25-ാം ദിവസത്തെ അനിശ്ചിതകാല സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ നിശ്ചയിച്ച പ്രകാരം തീരദേശത്തുകൂടെ ഹൈവേ നിർമ്മാണം നടത്തിയാൽ ഈ വ്യാപാര വ്യവസായങ്ങൾ കെട്ടിടങ്ങൾ സംരക്ഷിക്കാൻ കഴിയും. പ്രവാസികളുടെ വിവിധ സംരഭങ്ങളും വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി ആരംഭിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി പ്രസിഡന്റ് എ.എ. മുഹമ്മദ് ഇക്ബാൽ അദ്ധ്യക്ഷനായി. എൻ.ആർ.ഐ കൗൺസിൽ ഒഫ് ഇന്ത്യ, പ്രവാസി പെൻഷൻ ഹോൾഡേഴ്‌സ് അസോസിയേഷൻ സംസ്ഥാന നേതാക്കളായ കെ.എൻ.എ അമീർ, ആലു കെ. മുഹമ്മദ്, ഷാഫി കൊടുങ്ങല്ലൂർ, ജെ.എസ്. ലൈജു എന്നിവർ സംസാരിച്ചു.