ചാലക്കുടി: സംസ്ഥാന സർക്കാരിന്റെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് ലഭിക്കാത്ത സാഹചര്യത്തിൽ നിർത്തിവെക്കേണ്ടി വന്ന വിവിധ വാർഡുകളിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തികൾ നഗരസഭ പുനരാരംഭിക്കും. നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ച് എല്ലാ വാർഡുകളിലേയും രണ്ട് വീതം പ്രവർത്തികളുടെ വേതനം അനുവദിക്കുമെന്ന് ചെയർമാൻ എബി ജോർജ് അറിയിച്ചു. 30 ലക്ഷം രൂപയാണ് ഇതിന് വേണ്ടി അനുവദിക്കുന്നത്. നേരത്തെ ഇവരുടെ വേതനത്തനായി നൽകിയ 50 ലക്ഷം രൂപയോളം ഇതുവരെ സർക്കാരിൽ നിന്നും ലഭിച്ചിട്ടില്ല. മാർച്ച് മാസം അവസാനം 15 ലക്ഷം രൂപ സർക്കാർ അനുവദിച്ചതായി അറിയിപ്പ് വന്നെങ്കിലും പിന്നീട് ഈ തുക സർക്കാർ തന്നെ ട്രഷറിയിൽ നിന്നും തിരിച്ചെടുത്തു. തൊഴിൽ ചെയ്തവർക്ക് മാസങ്ങളായി കൂലി നൽകാൻ സാധിക്കാത്തതിനാൽ കുറച്ചു നാളുകളായി പണികൾ നിർത്തിവെച്ചിരിക്കുകയാണെന്ന് ചെയർമാൻ വ്യക്തമാക്കി. നഗരസഭ ടൗൺ ഹാളിൽ ചേർന്ന തൊഴിലുറപ്പ് പ്രവർത്തകരുടെ യോഗത്തിലാണ് ചെയർമാൻ ഇക്കാര്യം അറിയിച്ചത്. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനം അടിയന്തിരമായി ആരംഭിക്കുമെന്നും ചെയർമാൻ പറഞ്ഞു. വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു അദ്ധക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ജോർജജ് തോമാസ്, ദിപു ദിനേശ്, സൂസി സുനിൽ, ഷിബു വാലപ്പൻ, വി.ഒ. പൈലപ്പൻ, സെക്രട്ടറി വി.എസ് സന്ദീപ് കുമാർ, തൊഴിലുറപ്പ് ഇൻ ചാർജ്ജ് നീനു എന്നിവർ പ്രസംഗിച്ചു.