തൃപ്രയാർ : തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിൽ മികച്ച വിജയം നേടിയ ഗവൺമെന്റ്, എയ്ഡഡ്, ഹയർ സെക്കൻഡറി സ്‌കൂളുകൾക്ക് ആദരം. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദിന്റെ നേതൃത്വത്തിലാണ് ആദരം സംഘടിപ്പിച്ചത്. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജോഷ് ആനന്ദൻ, ഡിവിഷൻ മെമ്പർ വി. കല, ബി.ഡി.ഒ: റെജികുമാർ, ജോയിന്റ് ബി.ഡി.ഒ: ലത, ക്ലർക്ക് ബിനു, തളിക്കുളം ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ കെ.എച്ച്. സിന്ധു എന്നിവർ പങ്കെടുത്തു. ഏങ്ങണ്ടിയൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ, നാഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, വാടാനപ്പള്ളി കമല നെഹ്‌റു വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, വാടാനപ്പള്ളി ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂൾ, തളിക്കുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, നാട്ടിക എസ്.എൻ ട്രസ്റ്റ് സ്‌കൂൾ, നാട്ടിക ഗവൺമെന്റ് ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂൾ, വലപ്പാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, കഴിമ്പ്രം വി.പി.എം ഹയർസെക്കൻഡറി സ്‌കൂൾ, മോഡൽ ഹൈസ്‌കൂൾ പുതിയങ്ങാടി എന്നിവിടങ്ങളിലാണ് ബ്ലോക്ക് പ്രസിഡന്റും സംഘവും നേരിട്ടെത്തി അഭിനന്ദനങ്ങൾ അറിയിച്ചത്. കൂടാതെ പത്താം ക്ലാസ്, ഹയർസെക്കൻഡറി, വി.എച്ച്.എസ്.സി വിഭാഗങ്ങളിൽ മികച്ച വിജയം നേടിയ സ്‌കൂളുകളെയും അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും അനുമോദിക്കുകയും ആദരം സമർപ്പിക്കുകയും ചെയ്തു.