കൊടുങ്ങല്ലൂർ : ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പൈപ്പ് പൊട്ടലും കുടിവെള്ളം മുടങ്ങലും പതിവായതോടെ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാൻ തയ്യാറെടുത്ത് ശ്രീനാരായണപുരം പഞ്ചായത്ത്. തകരാറിലാകുന്ന പൈപ്പ് ലൈനുകൾ സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തി കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ തയ്യാറാകാത്ത കരാറുകാരന്റെയും ജല അതോറിറ്റിയുടെയും നിലപാടിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. സമയബന്ധിതമായി പൈപ്പ് ലൈനുകൾ അറ്റകുറ്റപ്പണി നടത്താത്തത് മൂലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കാതെ മാസങ്ങളായി ജനങ്ങൾ ദുരിതത്തിലാണ്. അഞ്ചാംപരത്തിയിൽ പൊട്ടിയ പ്രധാന പൈപ്പിലൂടെ ആഴ്ചകളായി ലക്ഷക്കണക്കിന് ലിറ്റർ ജലം ഓടയിലൂടെ ഒഴുകിപ്പോയിട്ടും നേരെയാക്കാൻ നടപടി സ്വീകരിക്കുന്നില്ല. ദേശീയപാത നിർമ്മാണത്തിനിടെ പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങിയാൽ ടാങ്കർ ലോറി വഴി ജനങ്ങൾക്ക് വെള്ളം എത്തിക്കേണ്ട ഉത്തരവാദിത്വം കരാറുകാരൻ നടപ്പാക്കുന്നില്ലെന്ന പരാതിയുമുണ്ട്. പഞ്ചായത്ത് പ്രദേശങ്ങളിൽ പൈപ്പ് ലൈനുകൾ അറ്റകുറ്റപ്പണി നടത്താത്തതിനാൽ പൊതുടാപ്പുകളിൽ പോലും വെള്ളമെത്താത്ത സ്ഥിതിയാണ്. മാസംതോറും 3, 60,000 രൂപയാണ് പൊതുടാപ്പുകളുടെ വെള്ളക്കരമായി ശ്രീനാരായണപുരം പഞ്ചായത്ത് ജല അതോറിറ്റിക്ക് നൽകുന്നത്.
വരൾച്ചയുടെ ഭാഗമായി സർക്കാർ നിർദ്ദേശപ്രകാരം ടാങ്കർ ലോറി വഴി പഞ്ചായത്ത് വിവിധ പ്രദേശങ്ങളിൽ വെള്ളമെത്തിച്ചു. ഏപ്രിൽ, മേയ് മാസങ്ങളിൽ പഞ്ചായത്ത് ഓൺ ഫണ്ടിൽ നിന്നും 12 ലക്ഷം രൂപയാണ് ചെലവഴിക്കാൻ ഗവ. ഉത്തരവ് നൽകിയത്. സംഖ്യ അധികരിച്ചതിനാൽ മേയ് 31 വരെ കുടിവെള്ള വിതരണം നടത്തുന്നതിന് 10 ലക്ഷം രൂപ കൂടി കൂടുതലായി അനുവദിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടുന്നതിനായി പഞ്ചായത്ത് പ്രത്യേക യോഗം വിളിച്ചു ചേർത്തു. കളക്ടർ വിളിച്ചു ചേർത്ത സെക്രട്ടറിമാരുടെ അടിയന്തര യോഗത്തിലും കുടിവെള്ള വിതരണത്തിനായി അധിക തുക ചെലവഴിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പൈപ്പ് ലൈനുകൾ തകരാറിലാക്കിയത് അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കാൻ ഉത്തരവാദിത്വപ്പെട്ട ജല അതോറ്റിയും ദേശീയപാത കരാറുകാരനായ ശിവാലയ കൺസ്ട്രക്ഷൻ കമ്പനിയും തയ്യാറാകണം. അല്ലാത്തപക്ഷം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ സമരങ്ങൾ ആരംഭിക്കുന്നതിന് ഭരണസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.
- എം.എസ്. മോഹനൻ
(പ്രസിഡന്റ്, ശ്രീനാരായണപുരം പഞ്ചായത്ത്)