ചാലക്കുടി: വേനലിൽ കർഷകർക്ക് വെള്ളം ലഭക്കാതെ റിവർ ഡൈവർഷൻ പദ്ധതി താളം തെറ്റുന്നു. മെയിൻ കനാലുകളിൽ 150 സെ.മീറ്ററിന് മുകളിൽ വെള്ളം ഒഴുകിയെങ്കിൽ മാത്രമാണ് നെൽകൃഷിക്കും കാർഷിക വിളകൾക്കും പ്രയോജനം ലഭിക്കു. ഷോളയാർ, പൊരിങ്ങൽക്കുത്ത് ഡാമുകളിൽ സംഭരണം കുറയുന്ന പ്രക്രിയ തുടരുമ്പോൾ ചാലക്കുടിപ്പുഴയിലെ ജലനിരപ്പാകട്ടെ 90 സെ.മീറ്ററിലും താഴെയെത്തുന്നുള്ളു. ഇതുമൂലം ബ്രാഞ്ച് കനാലുകളിലേയ്ക്ക് കൃത്യമായി വെള്ളം എത്താറില്ല. പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം തമിഴ്‌നാട് സർക്കാർ, കേരള ഷോളയാർ ഡാമിലേക്ക് വെള്ളം ഒഴുക്കി വിടാത്തതാണ് പ്രധാന പ്രശ്‌നം. തുമ്പൂർമുഴിയിൽ ചാലക്കുടിപ്പുഴയുടെ കുറുകെ തടയണ (ആർച്ച് ഡാം) കെട്ടി ഇരുഭാഗത്തേയ്ക്കും വലിയ കനാലുകൾ വഴി വെള്ളം തിരിച്ചുവിടുന്ന ബൃഹത്തായ റിവർ ഡൈവേർഷൻ സ്‌കീം 1959ൽ ആരംഭിച്ചത്. ചാലക്കുടി,കൊടുങ്ങല്ലൂർ നഗരസഭകൾക്കും നിരവധി പഞ്ചായത്തുകൾക്കും കാർഷിക ആവശ്യത്തിന് വെള്ളം എത്തിക്കുന്ന പദ്ധതിയ്ക്ക് ഉത്പ്പാദന ചിലവ് ഇല്ലായെന്നതാണ് ഏറ്റവും പ്രധാന ഘടകം. വലതുകര പദ്ധതിയുടെ മെയിൻ കനാലിന് 48 കിലോ മീറ്റർ നീളമുണ്ട്്. നിരവധി ബ്രാഞ്ച് കനാലുകളും ഉൾപ്പെടുന്നു. മഴക്കാലം അവസാനിക്കുന്നതോടെ പുഴയിൽ നിന്നും കനാൽ വഴി വെള്ളം വിടുന്നത് ഉൾപ്പടെ എല്ലാ ചുമതലകളും ഇറിഗേഷൻ വകുപ്പിനാണ്. നിരവധി കനാൽ കമ്മിറ്റികളും പ്രവർത്തനത്തിന്റെ ഭാഗമാകുന്നുണ്ട്. തുമ്പൂർമുഴിയുടെ മുകളിൽ പുഴയിൽ ഉയരക്കൂടുതലുള്ള മറ്റൊരു തടയണ നിർമ്മിച്ച് വെള്ളം സംഭരിച്ചാൽ നിലവിലെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന് നേരത്തെ നടത്തിയ പഠനം നിർദ്ദേശിച്ചിരുന്നു. മുൻ എം.എൽ.എ ബി.ഡി.ദേവസി ഇതിനായി പ്രാഥമിക പ്രവർത്തനങ്ങളും നടത്തിയിരുന്നു. കനാലിന്റെ ശോചനീയവസ്ഥയും മറ്റൊരു പ്രശ്‌നമാണ്.
എം.എൽ.എ ഉപവാസത്തിന്
സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം ചാലക്കുടിയും സമീപ പഞ്ചായത്തുകളും നേരിടുന്ന രൂക്ഷമായ ജലക്ഷാമത്തിനും കൃഷിനാശ ഭീഷണിക്കും അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് ഏകദിന ഉപവാസം നടത്തുമെന്ന് സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു. ജലസേചന വകുപ്പ് ഓഫീസിന് മുന്നിൽ രാവിലെ 10ന് ആരംഭിക്കുന്ന ഉപവാസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും സമരത്തിൽ അണിനിരക്കും. ചാലക്കുടി റിവർ ഡൈവർഷൻ പദ്ധതിയിൽ നിന്നും വേനലിൽ കർഷകർക്ക് ഗുണം ലഭിക്കുന്നില്ലെന്ന് എം.എൽ.എ പറഞ്ഞു. നഗരസഭ ചെയർമാൻ എബി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.