ചാലക്കുടി: അരളിച്ചെടി വിഷമാണെന്ന് സ്ഥാപിക്കപ്പെടുന്നതോടെ ദേശീയപാതയിൽ കൂട്ടമായി നിൽക്കുന്ന അരളികളുടെ നിലനിൽപ്പ് ചോദ്യ ചിഹ്നമായി മാറുകയാണ്. കടുത്ത വേനൽ പിന്നിട്ടാൽ യാത്രക്കാർക്ക് വർണ്ണ മനോഹാരിത പകർന്ന വിവിധ അരുളിച്ചെടികൾ ഇക്കാലമത്രയും ദേശീയപാതയുടെ തലയെടുപ്പായിരുന്നു. രാത്രിയിലെ വാഹന യാത്ര സുഗമമാക്കലും യാത്രികർക്ക് ഇളം കാറ്റ് പകരലുമെല്ലാമായിരുന്നു ദേശീയപാതയുടെ മീഡിയനുകളിൽ ചെടികളും ചെറു വൃക്ഷങ്ങളും വളർത്തുന്നതിന്റെ ലക്ഷ്യം. അരളിക്ക് പുറമേ, ബോഗൻ വില്ല, കണിക്കൊന്ന എന്നിവയുമുണ്ട്. അരളി ചെടികൾക്കാണ് ഇവിടെ മുൻതൂക്കം. ഇരുനിരകളിലായി ഇവ തഴച്ച് വളരുകയാണ്. വിവിധ നിറങ്ങളാൽ പൂത്തുലയുന്ന അരുളിച്ചെടികൾ യാത്രക്കാർക്ക് എന്നും കണ്ണിന് കുളിർമ പകരുന്നവയായിരുന്നു. എന്നാൽ ഇന്ന് കഥ മാറിയിരിക്കുകയാണ്. ആളുകൾ ഇവയെ ഭയത്തോടെയാണ് നോക്കിക്കാണുന്നത്. ഇതിന്റെ ഗന്ധം ഏൽക്കുന്നത് പോലും ആപത്താണെന്ന് വാർത്തകൾ പരക്കുന്നതോടെ പ്രശ്‌നം കൂടുതൽ ഗൗരവമുള്ളതായി. കൊരട്ടി, ചാലക്കുടി, പോട്ട ഭാഗങ്ങളിൽ നിറയെ അരളിച്ചെടികൾക്കാണ് ആധിപത്യം. അധികം വൈകാതെ ദേശീയപാതയിലെ അരളിച്ചെടികൾ വെട്ടി നശിപ്പിക്കണമെന്ന് ആവശ്യം ഉയരുമെന്ന് ഉറപ്പാണ്.
ചന്തമുണ്ട് പക്ഷേ ഭയക്കണം
ചന്തമുള്ള അരളി അത്ര പന്തിയല്ലെന്ന് മുന്നറിയിപ്പു നൽകുന്നുണ്ട് കൃഷി ശാസ്ത്രജ്ഞർ. അപ്പോസയനേസിയെ (Apocynaceae) കുടുംബത്തിൽപ്പെട്ട സസ്യമാണ് അരളി. നിരിയം ഒലിയാൻഡർ (Nerium oleander) എന്നാണ് ശാസ്തീയനാമം. മെഡിറ്ററേനിയൻ പ്രദേശമാണ് ഉത്ഭവസ്ഥലം. കേരളം ഉൾപ്പെടെ ഉഷ്ണ, മദ്ധ്യോഷ്ണ മേഖലകളിൽ വ്യാപകമായി കണ്ടുവരുന്നു. പിങ്ക്, ചുവപ്പ്, വെള്ള നിറങ്ങളിലും, ഇവ ഇടകലർന്ന നിറത്തിലും കാണാറുണ്ട്.
മറ്റ് വിഷാംശങ്ങളും അരളിച്ചെടിയിൽ ഉണ്ടെങ്കിലും ഒലിയാൻഡ്രിൻ, ഒലിയാൻഡ്രിനിൻ എന്നീ ഘടകങ്ങളാണ് കൂടുതൽ മാരകം. ഹൃദയത്തെയും നാഡികളെയും നേരിട്ടു ബാധിക്കുന്ന മാരകവിഷമാണ് ഇത്. രക്തം പമ്പ് ചെയ്യുന്നതിന്റെ ക്രമം തെറ്റി ഹൃദയം സ്തംഭിക്കുകയാണ് ചെയ്യുക. നിർജലീകരണം, വയറിളക്കം, ഛർദ്ദി എന്നിവയും ഉണ്ടാകാം. ശരീരത്തിൽ ഇതിന്റെ നീര് പ്രവേശിക്കുന്നതിന്റെ അളവിന് അനുസരിച്ചാണ് അപകട സാദ്ധ്യത. ഇല, തണ്ട്, വേര്, കായ് എന്നിവ ഉൾപ്പെടെ ചെടിയുടെ എല്ലാ ഭാഗത്തും വിഷാംശമുണ്ടെങ്കിലും ഇലയിലും തണ്ടിലുമാണ് കൂടുതൽ. പൂക്കളിൽ താരതമ്യേന കുറവാണ്.