aaraatu
നോർത്ത് ചാലക്കുടി മഠത്തിൽക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് കൂടപ്പുഴ കടവിൽ നടന്ന ആറാട്ട്

ചാലക്കുടി: പ്രസിദ്ധമായ നോർത്ത് ചാലക്കുടി മഠത്തിൽക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവം സമാപിച്ചു. ഇതോടനുബന്ധിച്ച് കൂടപ്പുഴ കടവിൽ നടന്ന ആറാട്ട് ഭക്തിസാന്ദ്രമായി. തന്ത്രി കാരണത്ത് മനയിൽ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. കർമ്മങ്ങൾക്ക് ശേഷം രണ്ടുവട്ടം ഭഗവതിയുടെ തിടമ്പുമായി തന്ത്രിയും സംഘവും പുഴയിൽ മുങ്ങിയപ്പോൾ ഭക്തജനങ്ങളും ഒപ്പം ചേർന്നു. മേൽശാന്തി അരൂർ സജീവ് ശാന്തികളും കാർമ്മികനായി. തുടർന്ന് പ്രസാദ നിവേദ്യവും വിതരണവുമുണ്ടായി. അലങ്കരിച്ച രഥത്തിൽ ദേവിയുടെ തിടമ്പ് പ്രദർശിപ്പിച്ച് ക്ഷേത്രത്തിലേയ്ക്കുള്ള മടക്കയാത്രയിൽ താളമേളങ്ങളും കലാരൂപങ്ങളും അകമ്പടിയായി. രഥയാത്ര ക്ഷേത്രത്തിൽ എത്തിയ ശേഷം കൊടിയിറക്കും അനുബന്ധ ചടങ്ങുകളുണ്ടായി. ക്ഷേത്ര സമിതി പ്രസിഡന്റ് കെ.എസ്.രാജീവ്, സെക്രട്ടറി ചന്ദ്രൻ വടക്കൂടൻ, ഖജാൻജി കെ.വി.ശശി, ആഘോഷ കമ്മറ്റി ചെയർമാൻ എൻ.കുമാരൻ,ജനറൽ കൺവീനർ ടി.ആർ.പുരുഷോത്തമൻ,ഭാരവാഹികളായ കെ.വി.മോഹനൻ, ഒ.എസ്.സന്തോഷ്,ഷിഫ സന്തോഷ്,ജെയ്ഷ രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.