തൃശൂർ: കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ സുവർണ ജൂബിലി ആഘോഷമായ സുവർണ സമൃദ്ധിക്ക് ഇന്ന് തുടക്കം. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.എഫ്.മേരി റെജീന കോട്ടയം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.ജി.ജയലക്ഷ്മിയിൽ നിന്നും സുവർണ ജൂബിലി ടോർച്ച് ഏറ്റുവാങ്ങും.
കേരളത്തിലെയും ലക്ഷദ്വീപിലെയും പതിനഞ്ച് കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ മേധാവികളും പ്രതിനിധികളും 13 മുതൽ 15 വരെ കാർഷിക സർവകലാശാല ആസ്ഥാനത്ത് യോഗത്തിൽ പങ്കെടുക്കും. 2023 ലെ വാർഷിക അവലോകനവും 2024ലെ പ്രവർത്തന പദ്ധതി രൂപീകരണവും നടക്കും. കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ബി.അശോക് ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ബംഗളൂരു സോൺ ഡയറക്ടർ ഡോ.വി.വെങ്കടസുബ്രഹ്മണ്യം മുഖ്യപ്രഭാഷണം നടത്തും. ഹൈദരാബാദ് സോണിന്റെ ഡയറക്ടർ ഷേക്ക് എൻ മീരർ, മുൻ മേഖല പ്രോജക്ട് ഡയറക്ടർ ഡോ.പ്രഭുകുമാർ, കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ.ജേക്കബ് ജോൺ തുടങ്ങിയവർ പങ്കെടുക്കും.