kumaran-

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദമൂട്ടിൽ രുചിയുടെ പൊടി പാറിക്കുന്ന ഗുരുവായൂർ പപ്പടത്തിന്റെ നിർമ്മാണം വിലക്കയറ്റത്തെ തുടർന്ന് തകർച്ചയിൽ. പ്രധാന ചേരുവയായ ഉഴുന്നുമാവിന് ഒരു വർഷത്തിൽ കൂടിയത് അമ്പത് രൂപ. പപ്പടക്കാരത്തിനും കടലെണ്ണയ്ക്കും അരിപ്പൊടിക്കുമെല്ലാം വില കൂടി.

എട്ട് വർഷം മുൻപത്തേതിന്റെ പത്തിലൊരു ഭാഗമാണ് ഗുരുവായൂരിനടുത്ത് ചിറ്റാട്ടുകരയിലെ കരുമത്തിൽ കുമാരൻ നിർമ്മിക്കുന്നത്.അന്ന് മുപ്പതോളം തൊഴിലാളികളുണ്ടായിരുന്നു. ഇപ്പോൾ അഞ്ചു പേർ. നോട്ട് നിരോധനവും പ്രളയവും കൊവിഡും പിന്നാലെ വിലക്കയറ്റവും തിരിച്ചടിയായി. കൂടുതൽ ഗുരുവായൂർ പപ്പടങ്ങൾ നിർമ്മിക്കപ്പെടുന്ന എളവള്ളി, ചിറ്റാട്ടുകര മേഖലയിൽ നിർമ്മാണ യൂണിറ്റുകൾ പലതും ഇല്ലാതായി. ഉഴുന്ന് പൊടിച്ച്, ഉപ്പു ചേർത്ത്, കുഴച്ച്, പരത്തിയെടുത്ത്, പപ്പടക്കാരത്തിൽ തട്ടിക്കുടഞ്ഞ്, പഴമ്പായിലോ പനമ്പിലോ ഉണക്കിയെടുത്ത് പപ്പടം നിർമ്മിക്കുന്നതായിരുന്നു രീതി. ഹഇപ്പോൾ, യന്ത്രങ്ങളായതോടെ പണി എളുപ്പമായെങ്കിലും ചെലവേറി.

സവിശേഷ രുചിക്കൂട്ട്

ചേരുവകളുടെ കൃത്യമായ അനുപാതം കൊണ്ടുള്ള രുചിക്കൂട്ടും തൊഴിലാളികളുടെ കൈപ്പുണ്യവുമാണ് ഗുരുവായൂർ പപ്പടത്തിന്റെ പ്രശസ്തിക്ക് പിന്നിൽ. കുമാരന്റെ ഉടമസ്ഥതയിലുള്ള വർഷ ഗുരുവായൂർ പപ്പടമാണ് പതിനാലു വർഷം ഗുരുവായൂർ ക്ഷേത്രത്തിലെ ഊട്ടിനായി ടെൻഡർ ഏറ്റെടുത്തത്. സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ കുറഞ്ഞ വിലയ്ക്ക് മറുനാടൻ കമ്പനികൾ നൽകി. ഓണത്തിനും വിഷുവിനും റംസാനും ക്രിസ്മസിനുമെല്ലാം എല്ലാ ജില്ലകളിൽ നിന്നും പപ്പടത്തിന്റെ ഓർഡർ നൽകാൻ ചിറ്റാട്ടുകരയിലെത്താറുണ്ട്.

വില കുതിക്കുന്നു

□ഉഴുന്നുമാവ് കി.ഗ്രാമിന്: 145
□കാരം: 90
□കടലയെണ്ണ: 220 (ലിറ്റർ)

□ദിവസം നിർമ്മിക്കുന്നത്: 150 കി.ഗ്രാം
□എട്ട് വർഷം മുൻപ്: 1400 കി.ഗ്രാം

□പപ്പടങ്ങൾ: 16 ഇഞ്ച് വലിയ പപ്പടം, 4 ഇഞ്ച് മീഡിയം, 2.5 ഇഞ്ച് , നാണയവലിപ്പം

□ഒരു കിലോഗ്രാം സാധാരണ പപ്പടത്തിന്റെ വില: 170

□കഴിഞ്ഞവർഷം: 150

പേര് മുതലെടുക്കുന്നു

അടുത്ത കാലത്തായി ഗൾഫിലും ഓൺലൈൻ സൈറ്റുകളിലും വരെ ഗുരുവായൂർ പപ്പടമെന്ന പേരിൽ വിൽക്കുന്നുണ്ടെന്ന് പറയുന്നു. യഥാർത്ഥ ഗുരുവായൂർ പപ്പടത്തിന്റെ രുചി അത് കഴിച്ചവർക്കറിയാം.
കുമാരൻ.