മാള: 2018 ലെ പ്രളയത്തിൽ തകർന്ന വൈൻ തോടും അനുബന്ധ തോടുകളും ഇനിയും പുനർനിർമ്മിക്കാത്തതിനാൽ മറ്റൊരു പ്രളയം നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. അന്നമനട, മാള പഞ്ചായത്തുകളുടെ അതിർത്തിയിൽ നിന്നും തുടങ്ങി മാളച്ചാൽ വരെയെത്തുന്ന വൈൻ തോടിന്റെയും അനുബന്ധ തോടുകളുടെയും കോട്ടപ്പാടം ഭാഗത്തെ പാർശ്വഭിത്തികൾ തകർന്ന് കിടക്കുകയാണ്. തോടിന്റെ പല ഭാഗത്തും കോൺക്രീറ്റിന്റെ പാർശ്വഭിത്തികൾ വീണ് കിടക്കുകയാണ്. ഇതിൽ ചെളിയും മണ്ണും വള്ളിപ്പടർപ്പും മാലിന്യവും അടിഞ്ഞ് കൂടി കിടക്കുന്നതു കൊണ്ട് വെള്ളത്തിന്റെ ഒഴുക്കും തടസ്സപ്പെട്ടിട്ടുണ്ട്. വർഷക്കാലത്ത് വെണ്ണൂർ, ആലത്തൂർ, കോട്ടക്കൽ പാടശേഖരങ്ങളിലെ വെള്ളം ഒഴുകിപ്പോകുന്നത് വൈൻ തോടിലൂടെയാണ്. വേനൽ മഴ ശക്തമായതോടെയും വർഷക്കാലം വരാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വെള്ളം ഒഴുകിപ്പോകാതെ പ്രളയ സമാന സാഹചര്യമുണ്ടാകുമോ എന്നാണ് പ്രദേശവാസികൾ ഭയക്കുന്നത്. മാള, അന്നമനട പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന വൈൻ തോടും അനുബന്ധ തോടുകളും കടന്നുപോകുന്ന ഭാഗങ്ങളിലായി നൂറേക്കറിലേറെ കൃഷിയിടങ്ങളുണ്ട്. തോടുകളിലൂടെ വെള്ളം ഒഴുകിപ്പോകാത്ത സാഹചര്യമുണ്ടായാൽ ഏക്കറോളം കൃഷിയാണ് നശിക്കുക.
പ്രദേശവാസികൾ പ്രളയ സമാന സാഹചര്യത്തിൽ നിൽക്കുമ്പോഴും അതൊന്നും അറിഞ്ഞില്ലെന്ന മട്ടിലാണ് മാള, അന്നമനട പഞ്ചായത്തുകളും കൃഷി വകുപ്പും. വെണ്ണൂർ, ആലത്തൂർ, കോട്ടക്കൽ പാടശേഖരങ്ങളിലേക്ക് വെള്ളം ഒഴുകുന്നത് വൈൻ തോടിലൂടെയാണെന്നിരിക്കെ മഴ കനക്കുന്നതോടെ കൃഷി സ്ഥലങ്ങളിലേക്കും സമീപത്തെ വീടുകളിലേക്കും വെള്ളം കയറാൻ സാദ്ധ്യതയേറെയാണ്. വർഷങ്ങളായി ഈ സാഹചര്യം കൃഷി വകുപ്പിന്റെയും പഞ്ചായത്തുകളുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണെങ്കിലും നിസംഗഭാവം തുടരുകയാണ്. നവകേരള സദസിൽ കർഷകർ നൽകിയ പരാതിയെ തുടർന്ന് തൃശൂർ ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയം അറ്റകുറ്റപ്പണികൾക്കും രണ്ട് ഷട്ടറുകൾ നന്നാക്കുന്നതിനുമായി 20 ലക്ഷം രൂപയുടെ പ്രൊപ്പോസൽ സമർപ്പിച്ചതായി കർഷകരെ അറിയിച്ചിട്ടുണ്ട്. വൈൻ തോടും അനുബന്ധ തോടുകളും അടിയന്തരമായി വൃത്തിയാക്കി വെള്ളം ഒഴുകിപ്പോകാനുള്ള സാഹചര്യമൊരുക്കി പ്രളയ സമാന സാഹചര്യം ഒഴിവാക്കണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.
തോട് വൃത്തിയാക്കിയത് ആറ് വർഷങ്ങൾക്ക് മുമ്പ്
2018ലെ പ്രളയത്തിന് മുമ്പ് എല്ലാവർഷവും അന്നമനട, മാള പഞ്ചായത്തുകൾ സഹകരിച്ച് മഴക്കാലത്തിനു മുമ്പ് ചെളിയും മണ്ണും വാരി വൃത്തിയാക്കി തോടിലൂടെ വെള്ളം സുഖമമായി ഒഴുകുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുമായിരുന്നു. എന്നാൽ ആറ് വർഷത്തോളമായി രണ്ടു പഞ്ചായത്തുകളും വൈൻ തോട് വൃത്തിയാക്കുന്നില്ല. 25 വർഷം മുമ്പ് 45 ലക്ഷം രൂപ ചെലവിൽ കാടയുടെ (മൈക്രോ ഇറിഗേഷൻ ആൻഡ് കമാൻഡ് ഏരിയാ ഡെവലപ്‌മെന്റ് അതോറിറ്റി) നേതൃത്വത്തിൽ കോട്ടപ്പാടം ഭാഗത്തുള്ള വൈൻ തോടിന്റെയും അനുബന്ധ തോടുകളുടെയും പാർശ്വഭിത്തികൾ കോൺക്രീറ്റ് ചെയ്തും രണ്ട് ചിപ്പ് കം ബ്രിഡ്ജ് പണിതും പാടശേഖരങ്ങളിലേക്ക് വെള്ളം കയറ്റാനും ഇറക്കാനും സൗകര്യം ഒരുക്കിയിരിക്കുന്നു. കാർഷിക വൃത്തികൾക്ക് ഏറെ സഹായകരമായിരുന്നു അത്. എന്നാൽ പ്രളയത്തിൽ അതെല്ലാം തകർന്നു. തോടിന്റെ പല ഭാഗത്തും കോൺക്രീറ്റിന്റെ അവശിഷ്ടങ്ങൾ കിടപ്പുണ്ട്. അതിൽ ചെളിയും മണ്ണും വള്ളിപ്പടർപ്പും മാലിന്യവും അടിഞ്ഞ് കൂടി വെള്ളത്തിന്റെ ഒഴുക്കും തടസ്സപ്പെട്ടിട്ടുണ്ട്.
വൈൻ തോട് വൃത്തിയാക്കാനും അനുബന്ധ ജോലികൾക്കുമായി നഗരസഞ്ജയ പദ്ധതി പ്രകാരം ഫണ്ടിന് അപേക്ഷിച്ചിട്ടുണ്ട്. അത് ലഭിച്ചാൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
- ബിന്ദു ബാബു
(മാള പഞ്ചായത്ത് പ്രസിഡന്റ്)
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഫണ്ടിന്റെ ലഭ്യത അനുസരിച്ച് വൈൻ തോട്ടിലെ വെള്ളം സുഗമമായ ഒഴുകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും.
- പി.വി. വിനോദ്
(അന്നമനട പഞ്ചായത്ത് പ്രസിഡന്റ്)