കൊടുങ്ങല്ലൂർ : ദേശീയപാതയിൽ സി.ഐ ഓഫീസ് സിഗ്‌നലിന് സമീപത്തെ നിർമ്മാണത്തെച്ചൊല്ലി നാട്ടുകാരും ദേശീയപാത കരാർ കമ്പനി അധികൃതരുമായി വീണ്ടും തർക്കം. ദേശീയപാത കരാർ കമ്പനിക്കാരനായ ശിവാലയ കൺസ്ട്രക്്ഷൻ കമ്പനി വാക്ക് തെറ്റിച്ച് നിർമ്മാണം പുനരാംഭിച്ചതാണ് നാട്ടുകാരുമായി തർക്കത്തിന് വഴിവച്ചത്. നേരത്തെയുണ്ടായിരുന്ന വലിയ കാന പൊളിച്ച് മാറ്റി ചെറുത് നിർമ്മിച്ചതിനെതിരെ എലിവേറ്റഡ് ഹൈവേ കർമ്മ സമിതി രംഗത്ത് വന്നിരുന്നു. ഇതേത്തുടർന്ന് ഈ ഭാഗത്ത് നിർമ്മാണം നിറുത്തിവച്ചിരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് കരാറുകാരന്റെ ജോലിക്കാർ ഈ ഭാഗം സൈഡ് വാൾ കെട്ടുന്നത് കർമ്മ സമിതി പ്രവർത്തകർ തടഞ്ഞത്. കാന ശരിയാക്കാതെ സൈഡ് വാൾ കെട്ടി മറയ്ക്കുന്നത് ശരിയല്ലെന്ന് കർമ്മ സമിതി പ്രവർത്തകർ അറിയിച്ചതോടെ നിർമ്മാണം നിറുത്തിപ്പോവുകയും വൈകിട്ടോടെ വീണ്ടുമെത്തി നിർമ്മാണം ആരംഭിക്കുകയുമായിരുന്നു. ഇതിനെതിരെ കർമ്മ സമിതി രംഗത്തുവന്നതോടെ ബഹളമായി. സംഭവം അറിഞ്ഞ് കൊടുങ്ങല്ലർ ഡിവൈ.എസ്.പി: സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഒരു സംഘം പൊലീസും സ്ഥലത്തെത്തി. വിവരം അറിഞ്ഞ് നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത, കൗൺസിലർമാരായ ധന്യ ഷൈൻ, സുമേഷ് എന്നിവരുമെത്തി. കർമ്മ സമിതിയോടൊപ്പം ജനപ്രതിനിധികളും അണിനിരന്നതോടെ പ്രശ്‌നത്തിൽ സ്ഥലത്തുണ്ടായിരുന്ന ഡിവൈ.എസ്.പി തർക്കസ്ഥലം ഒഴിവാക്കി സൈഡ് വാൾ പണിയാൻ നിർദ്ദേശിക്കുകയായിരുന്നു.