കൊടുംവരൾച്ചയും പെരുമഴക്കാലവും കേരളത്തിൽ മാറിമാറി വരുമ്പോൾ ആദ്യം തളരുന്നത് കർഷകരാണ്. നെല്ലായാലും നാളികേരമായാലും പച്ചക്കറിയായാലും കാലാവസ്ഥയിലെ മാറ്റങ്ങൾ കാരണം ഉത്പാദനം കുറഞ്ഞുവരികയാണ്. എന്നാൽ ഉത്പാദനച്ചെലവ് കൂടുകയും ചെയ്യുന്നു. എന്നാൽ പ്രഖ്യാപനങ്ങളല്ലാതെ കർഷകർക്കായി സർക്കാരുകൾ നൽകുന്നതെല്ലാം തുച്ഛം.നാളികേരത്തിന് വേണ്ട സംഭരണവില കിട്ടാതെ നട്ടം തിരിയുകയാണ് നാളികേര കർഷകർ. നാല് മാസമായി തുക കിട്ടിയില്ലെന്നാണ് പരാതി. മഴ കുറഞ്ഞത് നാളികേരത്തിന്റെ വലിപ്പത്തെയും ബാധിച്ചു. നാളികേരം ചെറുതും വലുതുമായി തരംതിരിച്ചാണ് കർഷകരിൽ നിന്ന് കച്ചവടക്കാരും വാങ്ങുന്നത്.
ചെറിയ നാളികേരത്തിന്റെ വില കുറയും. പൊതുവിപണിയിലെ വില കൂടുന്നതിനനുസരിച്ച് താങ്ങുവിലയും ഉയർത്തുമെന്ന പ്രഖ്യാപനവും പാഴായി. ഇതോടെ ഇടനിലക്കാർ കർഷകരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് നാളികേരം വാങ്ങി മുതലെടുക്കുകയാണ്. സർക്കാർ താങ്ങുവിലയ്ക്ക് പച്ചത്തേങ്ങ സംഭരിക്കുന്നതിന്റെ നേട്ടം ഇടനിലക്കാർക്കും സ്വകാര്യമില്ലുകൾക്കുമാണെന്നാണ് കർഷകരുടെ പരാതി. ജനുവരി വരെ സംഭരിച്ച പച്ചത്തേങ്ങയുടെ തുകയാണ് നൽകിയതെന്നും അവർ പറയുന്നു. തെങ്ങുകയറാനുള്ള കൂലിയും പരിപാലനച്ചെലവും കൂടി, കാലാവസ്ഥാ വ്യതിയാനവും ചൂടും തിരിച്ചടിയാകുമ്പോഴാണ് മറ്റൊരു പ്രതിസന്ധി.
തിരിച്ചടികൾ പലത്
വളത്തിന്റെ വില കൂടിയതും ഗുണനിലവാരക്കുറവ് തെങ്ങുകൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. രോഗബാധ കാരണം തെങ്ങ് ഉണങ്ങിനശിക്കുന്നത് മുൻ വർഷങ്ങളേക്കാൾ കൂടി. പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ നഷ്ടപരിഹാരം നൽകാനുളള നടപടികളുമില്ല. പുതിയ ഇനം തെങ്ങുകളിൽ നിന്നും പ്രതീക്ഷിച്ച വിളവ് ലഭിക്കുന്നുമില്ല.
സംസ്ഥാനത്തെ നാളികേര കർഷകർക്ക് 30 കോടിയോളം രൂപ ലഭിക്കാനുണ്ട്. ഏതാണ്ട് ആയിരം ടൺ നാളികേരം ജനുവരി മുതൽ സംഭരിച്ചിട്ടുണ്ട്. 34 രൂപ നൽകി സംഭരിക്കുമെന്ന് പ്രഖ്യാപിച്ചാൽ തന്നെ സ്വകാര്യമില്ലുകാർ വില കൂട്ടും. എന്നാൽ പ്രഖ്യാപനം പോലുമുണ്ടായില്ല. അതുകൊണ്ട് മില്ലുകളും ഇടനിലക്കാരും കുറഞ്ഞ വിലയാണ് നൽകുന്നത്. കേന്ദ്രസംസ്ഥാന സർക്കാരുകൾ ചേർന്നാണ് നാളികേരം സംഭരിക്കുന്നത്. മൂന്ന് വർഷം മുൻപ് പൊതുവിപണിയിൽ നാൽപത് രൂപയിലേറെ ഒരു കിലോഗ്രാം പച്ചത്തേങ്ങയ്ക്ക് കർഷകർക്ക് ലഭിച്ചിരുന്നു. സർക്കാർ സംഭരണവില 34 രൂപയാണ്. പച്ചത്തേങ്ങ കിലോഗ്രാമിന് 31 രൂപയും. വിപണി വില 30.50 രൂപയാണെങ്കിലും ഒരെണ്ണത്തിന് പത്തുരൂപ പോലും ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു.
എല്ലാം പഠിക്കുന്നുണ്ട് പക്ഷേ...
കൊടുംചൂടും അസാധാരണമായ കീടബാധയും തൃശൂരിന്റെ നെല്ലറയായ കോൾമേഖലയെ ബാധിച്ചത് ആഴത്തിൽ പഠിച്ച് കാർഷിക സർവകലാശാലയിലെയും കൃഷിവകുപ്പിലെയും വിദഗ്ദ്ധർ ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനകളടങ്ങുന്ന പഠനറിപ്പോർട്ട് കൃഷിവകുപ്പിന് സമർപ്പിച്ച ശേഷമാകും നഷ്ടപരിഹാരമടക്കമുള്ള തുടർനടപടികളുണ്ടാകുകയെന്നും അധികൃതർ വിശദീകരിക്കുന്നു. പക്ഷേ, ഈ പഠനങ്ങളൊക്കെ എത്ര കണ്ടതാണെന്നാണ് കർഷകർ ചോദിക്കുന്നത്. അർഹമായതൊന്നും കർഷകർക്ക് ഇന്നേ വരെ ലഭിച്ചിട്ടില്ലെന്നതാണ് സത്യം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചാൽ, കൃഷിമന്ത്രി കോൾപ്രദേശങ്ങളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്നും പറയുന്നു. അതേസമയം, പലയിടങ്ങളിലും വൈക്കോൽ വാങ്ങാൻ പോലും ആളില്ലാത്തതിനാൽ കർഷകർ സാമ്പത്തിക പ്രതിസന്ധിയിലാണ്. പുന്നയൂർക്കുളം ഭാഗത്തെ കോൾപ്പാടത്ത് വൈക്കോൽ കെട്ടിക്കിടക്കുകയാണ്. വൈക്കോലിന് ആവശ്യക്കാരില്ല. യന്ത്രം ഉപയോഗിച്ച് കെട്ടുന്നതിനാൽ വൈക്കോൽ പെട്ടെന്ന് ചില കർഷകർക്ക് കയറ്റി അയയ്ക്കാനായില്ല. ആദ്യം കൊയ്ത പാടശേഖരങ്ങളിലെ കർഷകർക്ക് ശരാശരി വില കിട്ടിയപ്പോൾ പിന്നീട് ആവശ്യക്കാരില്ലാതായി. വടക്കൻ ജില്ലകളിലെ മലയോരങ്ങളിൽ ഇഞ്ചിക്കൃഷിക്ക് പുതയിടാനാണ് വൈക്കോൽ കൊണ്ടുപോയത്. വൈക്കോൽ വില കഴിഞ്ഞ വർഷം കെട്ടിന് 110-130 രൂപയായിരുന്നു. ഒരു ഏക്കറിൽ നിന്ന് കിട്ടുന്നത് 2,300 രൂപയായിരുന്നു. എന്നാൽ ഈ വർഷം കെട്ടിന് 60 രൂപയാണ്. ഒരേക്കറിൽ കിട്ടിയത് 800 രൂപയും. വൈക്കോൽ കെട്ടാൻ (ഒരു കെട്ടിന്) 30 രൂപ ചെലവുണ്ടെന്നും ഓർക്കണം.
തകർന്ന് ക്ഷീരമേഖല
കന്നുകാലി വളർത്തലിൽ നിന്ന് ജനങ്ങൾ പിന്മാറിയതാണ് വൈക്കോലിന് ആവശ്യക്കാർ കുറയാൻ കാരണമെന്ന് കർഷകർ പറയുന്നു. പ്രാദേശിക കന്നുകാലി ഫാമുകൾ അടച്ചു. ചെറുകിട ക്ഷീര കർഷകർക്ക് നഷ്ടം സംഭവിച്ചതോടെ തൊഴിൽ നിറുത്തി. കൊടുംചൂടിൽ പാൽ കുറഞ്ഞതോടെ പശുക്കളെ വിറ്റ കർഷകരുമേറെ. മറ്റ് പുല്ലുകൾ വളർത്തി പശുക്കൾക്ക് തീറ്റ കൊടുക്കുന്നവരുമുണ്ട്. വൈക്കോലിന് പകരം കാലിത്തീറ്റകൾ ധാരാളം കൊടുക്കുന്ന പ്രവണതയുമുണ്ട്. അതേസമയം, ഭൂരിഭാഗം കോളുകളിലും വിളവ് അഞ്ചിലൊന്നായി കുറഞ്ഞതായാണ് കർഷകർ പറയുന്നത്. മൂന്ന് ടൺ വരെ കിട്ടിയിരുന്ന പാടങ്ങളിൽ നിന്ന് 600 കിലോഗ്രാം നെല്ലു മാത്രം കിട്ടിയ കർഷകരുണ്ട്. ഈയിടെയായി തണ്ടുതുരപ്പൻ, പോളകരിച്ചിൽ, ബ്ലാസ്റ്റ് രോഗം എന്നിവ നെല്ലിനെ കൂടുതലായി വ്യാപിച്ചതായി കാർഷിക സർവകലാശാലയിൽ നിന്നെത്തിയ വിദഗ്ദ്ധർ കണ്ടെത്തിയിരുന്നു. നെല്ലിന് തൂക്കക്കുറവ്, വെള്ളക്കതിർ, പച്ചക്കറിക്ക് ഫംഗസ് ബാധയും കൂമ്പ്ചീയലുമെല്ലാം സംഭവിച്ചു. കൊയ്ത്ത് പൂർത്തിയാക്കിയതോടെയാണ് വലിയ രീതിയിൽ വിളവിനെ ബാധിച്ചതായി തിരിച്ചറിയുന്നത്. ഇതോടെ പാട്ടത്തിനെടുത്ത് കൃഷി ചെയ്തവർ വൻ നഷ്ടമാണ് നേരിടുന്നത്. വായ്പയെടുത്ത് കൃഷിയിറക്കിയവരും നട്ടം തിരിയുന്നു. ഒരു ഏക്കർ കൊയ്താൽ ഒരു ടൺ നെല്ല് ലഭിക്കാത്തവരും ഏറെ. ഒരു ഏക്കർ കൃഷി ചെയ്യാൻ ചെലവ് 30,000 രൂപയാണ്. കഴിഞ്ഞ സീസണിൽ ലഭിച്ചത് 2,600 കിലോഗ്രാം വരെയുണ്ട്. ഈയാണ്ടിൽ കിട്ടിയത് 2,000 കിലോഗ്രാം മാത്രമാണ്. ഓരോ ഏക്കറിലും തൂക്കവ്യത്യാസം 600 കിലോഗ്രാമുണ്ട്.
കീടശല്യവും രൂക്ഷം
വിത്തിന്റെ ഗുണമേന്മ കുറഞ്ഞതോടെ പുഴുശല്യം, ഓലകരിച്ചിൽ, തണ്ടുതുരപ്പന്റെ ആക്രമണം തുടങ്ങിയ രോഗങ്ങൾ കൂടി. ഇതെല്ലാം നെല്ലിന്റെ വളർച്ചയെ ബാധിച്ചു. രോഗപ്രതിരോധത്തിനായി മരുന്നു തളിക്കാനും കർഷകർക്ക് ചെലവേറി. നിർദ്ദേശിക്കപ്പെട്ട കീടനാശിനികൾ പലതും ഫലം ചെയ്തില്ല. മലയോര മേഖലയിൽ കൂമ്പുചീയലും ഫംഗസ് ബാധയും പച്ചക്കറി കൃഷിയെ നശിപ്പിച്ചു. കനത്ത ചൂടിൽ ഇലകളും വേരും കരിഞ്ഞുണങ്ങി. കവുങ്ങ്, തെങ്ങ് വിളകളും ഉത്പാദനം കുറഞ്ഞു.