asok

തൃശൂർ: കേരളത്തിലെയും ലക്ഷദ്വീപിലെയും കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ 2023- 24ലെ വാർഷിക പ്രവർത്തന അവലോകനവും 24- 25 ലെ പദ്ധതി രൂപീകരണവും സംബന്ധിച്ച യോഗം കേരള കാർഷിക സർവകലാശാലാ ആസ്ഥാനമായ വെള്ളാനിക്കരയിൽ ആരംഭിച്ചു. കാർഷിക സർവകലാശാല വൈസ് ചാൻസലറും കാർഷിക ഉത്പാദക കമ്മിഷണറുമായ ഡോ. ബി. അശോക് ഉദ്ഘാടനം ചെയ്തു. കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജേക്കബ് ജോൺ അദ്ധ്യക്ഷനായി.

അഗ്രിക്കൾച്ചറൽ ടെക്‌നോളജി ആപ്ലിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബംഗളൂരു ഡയറക്ടർ ഡോ. വെങ്കടസുബ്രഹ്മണ്യൻ ആമുഖ പ്രഭാഷണം നടത്തി. മുൻ സോണൽ പ്രോജക്ട് ഡയറക്ടർ ഡോ. പ്രഭുകുമാർ, അസോസിയേറ്റ് ഡയറക്ടർ ഡോ. ശ്രീവത്സൻ ജെ. മേനോൻ, തൃശൂർ കെ.വി.കെ മേധാവി ഡോ. മേരി റജീന എന്നിവർ പ്രസംഗിച്ചു. പരിപാടിയോട് അനുബന്ധിച്ച് കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സുവർണ ദീപശിഖ കോട്ടയം കൃഷി വിജ്ഞാന കേന്ദ്രം മേധാവി. ഡോ. ജി. ജയലക്ഷ്മിയിൽ നിന്നും ഡോ. മേരി റജീന ഏറ്റുവാങ്ങി.