gf
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ നേപ്പാളി വിദ്യാർത്ഥിനി വിനീതയെ നേരിട്ടെത്തി ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അനുമോദിക്കുന്നു.

ആളൂർ: എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ നേപ്പാളി വിദ്യാർത്ഥിനി വിനീതയെ നേരിട്ടെത്തി അനുമോദിച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കല്ലേറ്റുംകര ബി.വി.എം.എച്ച്.എസിലെ വിദ്യാർത്ഥിനിയാണ് വിനീത. നേപ്പാളിൽ നിന്നെത്തി കഴിഞ്ഞ 17 വർഷമായി കേരളത്തിൽ താമസിക്കുകയാണിവർ. കല്ലേറ്റുംകര സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രീസിൽ നടത്തുന്ന എ.ഡി. ആൻഡ് സൺസ് മിഠായി കമ്പനിയിലാണ് വിനീതയുടെ പിതാവ് ബാൽ ബഹാദൂർ ജോലി ചെയ്യുന്നത്. അമ്മ: പൂജ. വിശാൽ (എട്ടാം ക്ലാസ്), ജാനകി (നാലാം ക്ലാസ്) എന്നിവരാണ് സഹോദരങ്ങൾ. കമ്പനിയോട് ചേർന്നുള്ള ഒറ്റ മുറിയിലാണ് ഈ അഞ്ചംഗ കുടുംബം കഴിയുന്നത്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കിയാണ് വിനീത. ഗൈഡ്‌സ് രാജ്യപുരസ്‌കാരവും ഈ മിടുക്കി നേടിയിട്ടുണ്ട്. ഉപജില്ലയിൽ കഴിഞ്ഞ രണ്ട് വർഷമായി സംഘനൃത്തത്തിൻ എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്. പരിമിതമായ ചുറ്റുപാടുകൾക്കിടയിലും പഠനത്തിലും കലയിലും സാമൂഹിക പ്രവർത്തനങ്ങളിലും മികവ് തെളിക്കുകയാണ് ഈ കൊച്ചുമിടുക്കി. മകൾക്ക് എല്ലാ പിന്തുണയുമേകി അച്ഛനും അമ്മയും കൂടെയുണ്ട്.