വടക്കാഞ്ചേരി: എങ്കക്കാട് പൊതു ശ്മശാനം നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രമാകുന്നു. വടക്കാഞ്ചേരി നഗരസഭയുടെ പതിനെട്ടാം ഡിവിഷനിൽപ്പെട്ട എങ്കക്കാടാണ് ഒരു ഏക്കറോളം വരുന്ന ഭൂമിയിൽ പൊതുശ്മശാനം സ്ഥിതി ചെയ്യുന്നത്. ഒരു കാലത്ത് സജീവമായിരുന്ന ശ്മശാനം ഇപ്പോൾ മാലിന്യക്കൂമ്പാരമായിരിക്കുകയാണ്. വാഴാനി ടൂറിസ്റ്റ് കേന്ദ്രത്തിലേയ്ക്ക് പോകുന്ന പാതയോരത്താണ് മാലിന്യം കെട്ടികിടക്കുന്ന ശ്മശാനം സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾ പഴക്കമുള്ള ശ്മശാനം 2015 ൽ യു.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതിയിലെ സിന്ധു സുബ്രഹ്മണ്യൻ പ്രസിഡന്റ് ആയിരിക്കെ ശ്മശാനത്തിന്റെ അറ്റകുറ്റപണികൾ നടത്തി മൃതദേഹം സംസ്‌കരിക്കാൻ നടപടികളാരംഭിച്ചു.
ശ്മശാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ജില്ല പഞ്ചായത്തിൽ നിന്ന് 8 ലക്ഷവും സർക്കാരിൽ നിന്ന് 10 ലക്ഷവും പഞ്ചായത്തിൽ നിന്നും 38 ലക്ഷവുമടക്കം അര കോടി രൂപ ചിലവിട്ടായിരുന്നു പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കോസ്റ്റ് ഫോഡിനായിരുന്നു നിർമ്മാണ ചുമതല. മുക്കാൽ ഭാഗം നിർമ്മാണങ്ങൾ പൂർത്തികരിച്ച ശ്മശാനത്തിൽ ഒരു മൃതദേഹം സംസ്‌കരിക്കാൻ കഴിയുന്ന ഒരുക്കങ്ങളാണ് പൂർത്തീകരിച്ചിരുന്നത്.
എന്നാൽ പിന്നീട് സ്മശാനത്തിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലായി. തുടർന്നാണ് ഇപ്പോൾ നഗരസഭയുടെ മാലിന്യ സംസ്‌കരണത്തിന് ശ്മശാനത്തിലെ വിശാലമായ ഹോൾ ഉപയോഗിക്കുന്നത്. ഒരേക്കറോളം വരുന്ന ഭൂമിയിലെ ഒരു ഭാഗത്ത് മാത്രമാണ് ക്രിമിറ്റോറിയത്തിനായുള്ള ഹോൾ സ്ഥിതിചെയ്യുന്നത്. ശ്മശാന ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടിലെന്ന നിയമം നിലവിലുണ്ട്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ഉത്തരവിൻ പ്രകാരം ഉപയോഗിക്കാൻ കഴിയുമെന്ന് നിയമ വിദഗ്ധർ പറയുന്നു.
പ്രതീക്ഷയിൽ പുനരുദ്ധാരണം
ജില്ല പഞ്ചായത്ത് 8 ലക്ഷം
സർക്കാർ 10 ലക്ഷം
പഞ്ചായത്ത് 38 ലക്ഷം