കുന്നംകുളം: ചാലിശേരി സി.എസ്.എ അഖിലേന്ത്യാ സെവൻസ് ഫ്‌ളഡ്‌ലിറ്റ് ഫുട്ബാൾ ടൂർണമെന്റിൽ വിശിഷ്ടാതിഥിയായെത്തിയ പതിനൊന്നുകാരൻ അർച്ചിതിന് കാൽപ്പന്തുകളി ആവേശവും ആഹ്ലാദവുമായി. സെറിബ്രൽ പാൾസി രോഗം ബാധിച്ച അർച്ചിതിന് കാൽപ്പന്ത് കളി ജീവനാണ്. ജീവിതകാലം മുഴുവൻ പരിചരണം ആവശ്യമായ അവസ്ഥയാണ്. ആറ് വയസിനുള്ളിൽ മംഗലാപുരം ഫാദർ മുള്ളർ മെഡിക്കൽ കോളേജിൽ രണ്ട് കാലിനായി എട്ടോളം സർജറി നടത്തി. ഇപ്പോൾ കാല് വലിച്ചുവെച്ച് മറ്റൊരാളുടെ സഹായത്തോടെ നടക്കാം. ഒമ്പത് മാസമായി സഹയാത്ര ചാരിറ്റബിൾ സൊസെറ്റിയിൽ ഫിസിയോ തെറാപ്പി ചെയ്യുന്നു. പെരിങ്ങോട് ഇട്ടോണം മൂരിപ്പാറ വീട്ടിൽ ചന്ദ്രൻ -രൻജിഷ ദമ്പതിമാരുടെ മകനാണ്. സ്ഥിരമായി ഫിസിയോ തെറാപ്പി വേണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. വീട്ടിൽ തൊറാപ്പി ചെയ്യാനായി ഒരു സൈക്കിൾ തൃത്താല ബ്ലോക്ക് പഞ്ചായത്ത് നൽകിയിട്ടുണ്ട്. ഇനിയും മറ്റ് തെറാപ്പി ഉപകരണങ്ങൾ വേണം. ചികിത്സയുടെ ഭാഗമായി സഹയാത്ര സൊസെറ്റി ചെണ്ടവാദ്യവും , പന്തുകളിയും പരിശീലിപ്പിക്കുന്നുണ്ട്. പാഠങ്ങൾ പഠിച്ചതോടെ കാൽപന്തുകളി ആവേശമാണ്. മൈതാനത്ത് ടീമംഗങ്ങളെ പരിചയപ്പെടാൻ യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി , കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രൻ എന്നിവരോടൊപ്പം അർച്ചിതുമുണ്ടായിരുന്നു. സഹയാത്ര വളണ്ടിയർ വൈശാഖ്, അർച്ചിതിനെ എടുത്തുകൊണ്ട് പോയി ടീമംഗങ്ങളെ പരിചയപ്പെടുത്തി. എല്ലാവരെയും ഹസ്തദാനം ചെയ്തു. മത്സരം ആസ്വദിച്ച ശേഷമാണ് മടങ്ങിയത്. വിശിഷ്ടാതിഥിയെ സംഘാടക സമിതി കൺവീനർ വി.വി.ബാലകൃഷ്ണൻ, കൺവീനർ എം.എം അഹമ്മദുണ്ണി, കോർഡിനേറ്റർമാരായ ടി.എ.രണെദിവെ , ടി.കെ.സുനിൽകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.